വിശ്വനാഥന്‍ ആനന്ദ് കേരളത്തില്‍
കൊച്ചി: കേരളത്തിലെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ചെസ് താരം വിശ്വനാഥന്‍ ആനന്ദ് എത്തി. ഭാര്യ അരുണയുമായെത്തിയ ആനന്ദ് കൊച്ചികായലില്‍ യാത്ര നടത്തി. താജ് മലബാറിലെ ഇന്‍ഫിനിറ്റ് പൂളിലിരുന്ന് മതിവരുവോളം ആനന്ദും അരുണയും കായല്‍ സൗന്ദര്യം നുകര്‍ന്നു.
ബാംഗ്ലൂരില്‍ നിന്നും എന്‍ഐഐടി സ്കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ആനന്ദ്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരേ സമയം നാലു പേരോട് ആനന്ദ് ലൈറ്റ്നിംഗ് ചെസ് കളിച്ചു. അതിവേഗത്തില്‍ കരുക്കള്‍ നീക്കിയ ആനന്ദ് നാലു പേരെയും തോല്പിച്ചു. ഓരോരുത്തരോടും വ്യത്യസ്തമായ ഓപ്പണിംഗ് ശൈലിയാണ് ആനന്ദ് പരീക്ഷിച്ചത്.
പാലാ സെന്റ് തോമസ് കോളെജിലെ തോമസ് ടി. എഫ്രി, എംജി സര്‍വകലാശാല മുന്‍ ചാമ്പ്യന്‍ കൂടിയായ എസ്എച്ച് കോളെജിലെ എംഎസ്സി വിദ്യാര്‍ത്ഥി അരുണ്‍, മുന്‍ സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍കൂടിയായ രമേഷ്, പിന്നെ താജ്മലബാറിലെ ജീവനക്കാരന്‍ എന്നിവരാണ് ആനന്ദുമായി ഏറ്റുമുട്ടിയത്. വിവാഹം കഴിഞ്ഞയുടന്‍ കൊച്ചിക്കായലില്‍ നടത്തിയ യാത്ര ഇന്നലെയെന്നവണ്ണം ഓര്‍മ്മവരുന്നുവെന്ന് അരുണ പറഞ്ഞു. വിശ്വനാഥന്‍ ആനന്ദിന് ഏറെ പ്രിയമാണ് കേരളത്തിലെ കായല്‍ സൗന്ദര്യമെന്നും അരുണ വ്യക്തമാക്കി.












Click it and Unblock the Notifications