കുംബ്ലെയ്ക്ക് കൃത്യത കുറയുന്നു: പ്രസന്ന
ചെന്നൈ: സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്ക് ബൗളിംഗില്‍ കൃത്യത കുറഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ എരപ്പള്ളി പ്രസന്ന. അതേ സമയം കഠിനാധ്വാനത്തിലൂടെ കുംബ്ലെ തിരിച്ചുവരുമെന്നും അടുത്ത ന്യൂസിലാന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിയ്ക്കുമെന്നും പ്രസന്ന പ്രത്യാശിയ്ക്കുന്നു.
മാക് സ്പിന്‍ ഫൗണ്ടേഷനില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പ്രസന്ന. മുത്തയ്യ മുരളീധരന്റെയും ഷെയ്ന്‍ വോണിന്റെയും പോലെ വിശ്വോത്തര സ്പിന്നറാണ് കുംബ്ലെ. ഇപ്പോള്‍ അദ്ദേഹത്തിന് ബൗളിംഗില്‍ കൃത്യത കുറഞ്ഞിട്ടുണ്ട്. പക്ഷെ കുംബ്ലെ കഠിനമായി അധ്വാനിയ്ക്കുന്നുണ്ട്. കുംബ്ലെയെപ്പോലുള്ള മികച്ച സ്പിന്നര്‍ പഴയ ഫോമില്‍ എത്തുക തന്നെ ചെയ്യും.- പ്രസന്ന പറഞ്ഞു.
ബാറ്റ്സ്മാന്‍മാര്‍ക്ക് ധാരാളം പഴുതുകള്‍ നല്കുന്ന തരത്തിലാണ് ഇപ്പോള്‍ കുംബ്ലെയുടെ ബൗളിംഗ്. പക്ഷെ കുംബ്ലെ പഴയ ഫോമിലേക്ക് മടങ്ങിവരുന്ന കാലം വിദൂരമല്ല. ന്യൂസിലാന്റ് പര്യടനത്തില്‍ ഹര്‍ഭജനൊപ്പം കുംബ്ലെയും പന്തെറിയുമെന്ന് പ്രതീക്ഷിക്കാം.- പ്രസന്ന അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications