വിംബിള്‍ഡണ്‍: പെയ്സിന് കിരീടം
ലണ്ടന്‍: ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്സിന് വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സ് കിരീടം. മാര്‍ട്ടിന നവരത്ലോവയും ലിയാണ്ടര്‍ പെയ്സും ചേര്‍ന്ന കൂട്ടുകെട്ടാണ് ഫൈനലില്‍ അനായാസ ജയം നേടി കിരീടം സ്വന്തമാക്കിയത്.
ഇസ്രയേലിന്റെ ആന്റി റാമും റഷ്യയുടെ അനസ്താസിയ റോഡിയോനോവയും ചേര്‍ന്ന സഖ്യത്തെ തകര്‍ത്താണ് പെയ്സ്- മാര്‍ട്ടിന സഖ്യം കിരീടം സ്വന്തമാക്കിയത് (സ്കോര്‍: 6-3,6-3). ഇതോടെ മാര്‍ട്ടിന നവരത്ലോവ വിംബിള്‍ഡണില്‍ ഒരു അപൂര്‍വ നേട്ടത്തിനുടമയായി. വിംബിള്‍ഡണില്‍ മാര്‍ട്ടിനയുടെ 20ാം കിരീടമാണിത്. ബില്ലി ജീന്‍ കിംഗ് എന്ന ടെന്നീസ് ഇതിഹാസത്തിന് ഒപ്പമെത്തിയിരിക്കുകയാണ് 46കാരി മാര്‍ട്ടിന.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും റഷ്യയുടെ ആലിസയും ചേര്‍ന്ന കൂട്ടുകെട്ട് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചുവന്ന സാനിയ മിര്‍സ-ആലിസ കൂട്ടുകെട്ട് വിജയം സ്വന്തമാക്കുകയായിരുന്നു(സ്കോര്‍: 2-6, 6-3, 6-2). ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റില്‍ 51 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരി ഫൈനലില്‍ കളിക്കുന്നത്. നേരത്തെ 1952ല്‍ ഇന്ത്യയുടെ റീത്ത ഡാബര്‍ പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ഫൈനലിലെത്തിയിരുന്നു.












Click it and Unblock the Notifications