കഴിവാണ് പ്രധാനം: ഗാംഗുലി
ബാംഗ്ലൂര്‍: കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യന്‍ ടീമിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും റെക്കോഡുകള്‍ പ്രധാനമല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
ന്യൂസിലാന്റുമായുള്ള ടെസ്റ് പരമ്പരയില്‍ ആരായിരിക്കും വിക്കറ്റ് കീപ്പറെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചിട്ടില്ല. വിക്കറ്റിന് പിന്നിലുള്ള ജോലി പാര്‍ഥിപ് പട്ടേല്‍ നന്നായി ചെയ്യുന്നുണ്ട്. ബാറ്റിംഗിലും കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനമാണ് പാര്‍ഥിപില്‍ നിന്ന് വേണ്ടത്. പാര്‍ഥിപിന് അത് ചെയ്യാനാവുമെന്ന് തനിക്കുറപ്പുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ നീണ്ട ഇടവേള ടീമിനെ ഒരു തരത്തിലും ബാധിക്കില്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റ് പര്യടനത്തിലുണ്ടായ തോല്‍വിക്ക് പകരം ചോദിക്കുകയാണ് ടീമിന്റെ ലക്ഷ്യം.
ന്യൂസിലാന്റ് ടീമില്‍ ഫാസ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടിയപ്പോള്‍ ഷെയ്ന്‍ ബോണ്ടുള്ളപ്പോഴും തങ്ങള്‍ ന്യൂസിലാന്റിനെ തോല്പിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ആസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ന്യൂസിലാന്റുമായുള്ള കളികളെയാണ് തങ്ങള്‍ ഉറ്റുനോക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.












Click it and Unblock the Notifications