അഞ്ജുവിന്റെ ബാഗ് മോഷണം പോയി
പാരിസ്: ലോക അത്ലറ്റിക്സ് മീറ്റില്‍ വെങ്കലം നേടിയ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന്റെ പാസ്പോര്‍ട്ടടങ്ങുന്ന ബാഗ് പാരീസില്‍ മോഷ്ടിക്കപ്പെട്ടു.
സപ്തംബര്‍ ഒമ്പത് ചൊവാഴ്ച പാരീസിലെ ചാര്‍ലെറ്റി സ്റേഡിയത്തില്‍ ഭര്‍ത്താവും പരിശീലനകനുമായ റോബര്‍ട്ട് ബോബി ജോര്‍ജിനൊപ്പം പരിശീലനം നടത്തുന്നതിനിടയിലാണ് അഞ്ജുവിന്റെ ബാഗ് മോഷണം പോയത്. സപ്തംബര്‍ 14 ഞായറാഴ്ച മൊണോക്കോവില്‍ നടക്കുന്ന വേള്‍ഡ് അത്ലറ്റിക്സ് ഫൈനലിനായി പരിശീലനം നടത്തുകയായിരുന്നു അഞ്ജു.
പാസ്പോര്‍ട്ടിന് പുറമെ ക്രെഡിറ്റ് കാര്‍ഡും മൊണോക്കോയിലേക്കുള്ള രണ്ട് വിമാനടിക്കറ്റുകളും ബാഗിലുണ്ടായിരുന്നു. പരിശീലനം നടത്തുമ്പോള്‍ സ്റേഡിയത്തിലാരുമുണ്ടായിരുന്നില്ലെന്നും കാണാവുന്ന ദൂരത്താണ് ബാഗ് വച്ചിരുന്നതെന്നും അഞ്ജു പറഞ്ഞു. എന്നാല്‍ ട്രാക്കിന് ചുറ്റുമായി ജോഗിംഗ് നടത്തുന്നതിനിടയില്‍ ബാഗ് കാണാതാവുകയായിരുന്നു.
ബാഗ് കാണാതായത് കഴിഞ്ഞ രണ്ടു ദിവസമായി അഞ്ജുവിന്റെ പരിശീലനത്തെ ബാധിച്ചു. പുതിയ പാസ്പോര്‍ട്ടും ടിക്കറ്റുകളും പണവും തരപ്പെടുത്തുന്നതിനുള്ള തിരക്കുകള്‍ക്കിടയില്‍ പരിശീലനം മുടങ്ങിയെന്ന് അഞ്ജുവിന്റെ ഭര്‍ത്താവ് ബോബി ജോര്‍ജ് പറഞ്ഞു.
പാരിസിലെ ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റുകളും പുതിയ പാസ്പോര്‍ട്ടും പണവും തരപ്പെടുത്തികൊടുത്തത്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications