പരിഹാരം ഒന്ന് മാത്രം- സോണിയയോട് മുരളി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഒന്ന് മാത്രമാണെന്ന് കെ. പി. സി. സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ സോണിയാ ഗാന്ധിയോട് പറഞ്ഞു. ആ പരിഹാരം എന്താണെന്ന് സോണിയയോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ എന്താണ് ആ പരിഹാരം എന്ന് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കാന്‍ മുരളി തയ്യാറായില്ല.
45 മിനുട്ട് നീണ്ട കൂടിക്കാഴ്ച കഴിഞ്ഞപ്പോള്‍ മുരളീധരന്റെ തീവ്ര നിലപാട് ഒട്ടൊന്ന് അയഞ്ഞതായാണ് കാണുന്നത്. എന്നാല്‍ ഈ നേതൃത്ത്വവുമായി ഐ വിഭാഗത്തിന് ഇണങ്ങി പോകാന്‍ കഴിയില്ലെന്ന് മുരളി സോണിയയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുരളി പറഞ്ഞു. ഇതേ നേതൃത്ത്വത്തിന്‍ കീഴില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് വന്‍ നഷ്ടമായിരിയ്ക്കും ഉണ്ടാക്കുക. ഇതിന് ഒരു പരിഹാരം മാത്രമേ ഉള്ളു, മുരളീധരന്‍ പറഞ്ഞു.
നേതൃമാറ്റം മുരളി സോണിയയോട് നേരിട്ട് ആവശ്യപ്പെട്ടതായാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.
മുരളി ഇതുവരെ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് തിങ്കളാഴ്ച പറഞ്ഞ കേരളത്തിന്റെ ചുമതലയുള്ള അഹമ്മദ് പട്ടേലും മുരളിയോടൊപ്പം സോണിയയെ കാണാനായി ഉണ്ടായിരുന്നു.
നവംബര്‍ 19 ന് മുമ്പ് നേതൃമാറ്റമുണ്ടായില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഐ വിഭാഗം ഹൈകമാണ്ടിന് നല്‍കിയ അന്ത്യശാസനത്തെക്കുറിച്ച് മുരളി പുതിയ സമീപനമാണ് സ്വീകരിച്ചത്. ഹൈകമാണ്ടിന് അന്ത്യശാസനം നല്‍കാനായി ഞങ്ങള്‍ വിഡ്ഢികളല്ലെന്നായിരുന്നു ഇതിനെക്കുറിച്ച് മുരളി പറഞ്ഞത്. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് എറണാകുളത്ത് ഐ വിഭാഗക്കാര്‍ റാലി നടത്തുമെന്നാണ് പറഞ്ഞത്.
മാറാട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയ രീതിയില്‍ ഐ വിഭാഗത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ അതിനെ തുരങ്കം വയ്ക്കുന്ന ഒന്നും ഐ വിഭാഗത്തില്‍ നിന്നുണ്ടാവില്ല. മുരളീധരന്‍ പറഞ്ഞു.
എറണാകുളം ഉപ തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടന്നിട്ടില്ലെന്നും ഒരു വിഭാഗം മൗനം പാലിയ്ക്കുകയാണ് ചെയ്തതെന്ന് മുരളി സോണിയയെ ധരിപ്പിച്ചു.
എറണാകുളം ഉപ തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈകമാണ്ടിന്റെ നിരീക്ഷകരായ വീരപ്പ മൊയ്ലിയും ജി കെ വാസനും സോണിയയ്ക്ക് നല്‍കി. തിരഞ്ഞെടുപ്പ് വേളയില്‍ വിമത പ്രവര്‍ത്തനങ്ങള്‍ പരസ്യമായിരുന്നെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നുമാണത്രെ ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.












Click it and Unblock the Notifications