ഇന്ത്യ ആസ്ത്രേല്യയെ തോല്പിച്ചു
ഗ്വാളിയര്‍: ലോകകപ്പിലെ പരാജയത്തിന് ഇന്ത്യ കണക്ക് തീര്‍ത്തു. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 37 റണ്‍സിനാണ് ആസ്ത്രേല്യയെ കെട്ടുകെട്ടിച്ചത്.
സെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ സച്ചിനാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യയുടെ 283 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങി ആസ്ത്രേല്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ ആദം ഗില്‍ക്രൈസ്റും(83റണ്‍സ്) മാത്യുഹെയ്ഡനും(47റണ്‍സ്) നല്ല തുടക്കമാണ് നല്കിയത്.
സഹീര്‍ഖാനാണ് തന്റെ രണ്ടാംവരവില്‍ ആസ്ത്രേല്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിന് പരിക്കേല്പിച്ചത്. ആദംഗില്‍ക്രൈസ്റിന്റെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ട് സഹീര്‍ഖാന്‍ നല്കിയ മുന്നേറ്റം റിക്കി പോണ്ടിംഗിന്റെ വിക്കറ്റെടുത്ത് കുംബ്ലെ നിലനിര്‍ത്തി. ഫീല്‍ഡര്‍മാരുടെ പിഴവ് കൊണ്ട് രണ്ട് തവണ രക്ഷപ്പെട്ട മാത്യുഹെയ്ഡനെ ഒടുവില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ സ്റമ്പ് ചെയ്യുകയായിരുന്നു. ഇതോടെ ആസ്ത്രേല്യയുടെ തകര്‍ച്ച തുടങ്ങി.
സെവാഗാണ് ആസ്ത്രേല്യയ്ക്ക് അടുത്ത ആഘാതം നല്കിയത്. തന്റെ ഒരു ഓവറില്‍ അദ്ദേഹം ബെവന്റെയും ഡാമിയന്‍ മാര്‍ട്ടിന്റെയും വിക്കറ്റുകളെടുത്തു. ആ ആഘാതത്തില്‍ നിന്ന് പിന്നെ ആസ്ത്രേല്യ കരകയറിയതേയില്ല. സച്ചിന്‍ ഹാര്‍വിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ആസ്ത്രേല്യയുടെ ദുരന്തം പൂര്‍ണ്ണമായി. പിന്നീട് ഇന്ത്യയ്ക്ക് ജയം അനായാസമായിരുന്നു.
സച്ചിനും ലക്ഷ്മണും കൂടി ഇന്ത്യയ്ക്ക് ബാറ്റിംഗില്‍ മികച്ച തുടക്കം നല്കിയെങ്കിലും ഇന്ത്യയുടെ കൂറ്റന്‍സ്കോറിന് യുവരാജ് സിംഗിനോടും അജിത് അഗാര്‍ക്കറോടും ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്നു. ഇവരുടെ വെടിക്കെട്ടുകളാണ് ഒരു ഘട്ടത്തില്‍ 250 കടക്കുമോ എന്ന സംശയത്തോടെ ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്സിനെ 283ല്‍ എത്തിച്ചത്. യുവരാജ് 33 പന്തില്‍ 44 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ അഗാര്‍ക്കര്‍ 10 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു.
സച്ചിന്‍ തന്റെ റിക്കാര്‍ഡ് പട്ടികയില്‍ പുതിയ ഒന്നുകൂടി എഴുതിച്ചേര്‍ത്തു. രാത്രിയും പകലുമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന ബഹുമതി സച്ചിന്‍ സ്വന്തമാക്കി. ശ്രീലങ്കന്‍ താരം ജയസൂര്യയുടെ 4563 എന്ന റിക്കാര്‍ഡാണ് സച്ചിന്‍ തിരുത്തിയത്.
സച്ചിന്‍ സെഞ്ച്വറിയിലേക്ക്
സമയം 4.41 പിഎം
ഗ്വാളിയര്‍: ആദ്യ ഓവറില്‍ വീരേന്ദര്‍ സെവാഗിനെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് വന്ന ലക്ഷ്മണും സച്ചിനും ചേര്‍ന്ന് ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലേക്ക് നയിയ്ക്കുകയാണ്. ഇതിനകം 80 കടന്ന സച്ചിന്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്.
ലക്ഷ്മണ്‍ അര്‍ധസെഞ്ച്വറി നേടി. സച്ചിന്‍-ലക്ഷ്മണ്‍ കൂട്ടുകെട്ട് കരുതലോടെയാണ് കൂട്ട്കെട്ട് കെട്ടിപ്പടുത്തത്. ഏതാണ്ട് എല്ലാ ആസ്ത്രേല്യന്‍ ബൗളര്‍മാരെയും ഇരുവരും ശിക്ഷിച്ചു. 28 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 140 റണ്‍സ് പിന്നിട്ട് കഴിഞ്ഞു.
സെവാഗ് പുറത്ത്
ഗ്വാളിയര്‍: ടിവിഎസ് ത്രിരാഷ്ട്രക്കപ്പില്‍ കളി തുടങ്ങി ആദ്യ ഓവറില്‍ ഇന്ത്യയ്ക്ക് സെവാഗിന്റെ വിക്കറ്റ് നഷ്ടമായി. ബ്രാക്കന്റെ പന്തില്‍ ഹെയ്ഡന്‍ സ്ലിപ്പില്‍ ക്യാച്ചെടുക്കുകയായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍സെവാഗും ആണ് ഓപ്പണ്‍ ചെയ്തത്. വീരേന്ദര്‍ സെവാഗിന് പകരം ഇപ്പോള്‍ വിവിഎസ് ലക്ഷ്മണ്‍ ആണ് ബാറ്റ് ചെയ്യാനിറങ്ങിയിരിക്കുന്നത്.
ടോസ് നേടിയ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ റണ്‍സ് ഒഴുകാന്‍ സാധ്യതയുള്ള പിച്ചാണ് ഗ്വാളിയോറിലേത്.
ആദ്യം ബാറ്റ് ചെയ്യുന്നവര്‍ കൂടുതലായി വിജയിച്ച ചരിത്രം ഗ്വാളിയോറിനുണ്ട്. മക്ഗ്രാത്ത്, ബ്രെറ്റ്ലീ, ഗില്ലെസ്പീ എന്നീ ബൗളര്‍മാരില്ലാതെയാണ് ആസ്ത്രേല്യ ഇറങ്ങുന്നത്. പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കളിയ്ക്കുന്നില്ല.












Click it and Unblock the Notifications