ക്രിക്കറ്റ്: ടോസ് നിര്‍ണ്ണായകമാകും
മുംബൈ: സച്ചിന്റെ മൈതാനത്തിലാണ് നവമ്പര്‍ ഒന്ന് ശനിയാഴ്ച ആസ്ത്രേല്യയും ഇന്ത്യയും പോരിനിറങ്ങുന്നത്. ഇരുകൂട്ടര്‍ക്കും ജയത്തില്‍ കുറഞ്ഞൊന്നും സ്വീകാര്യവുമല്ല. നവമ്പര്‍ ഒന്ന് ശനിയാഴ്ച ഇന്ത്യന്‍ സമയം 2.30ന് കളി തുടങ്ങും.
പക്ഷെ ടോസ് നേടുന്നടീമിനായിരിക്കും വിജയമെന്നാണ് ക്രിക്കറ്റ്വിദഗ്ധരുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ വിജയം തുണയ്ക്കുമെന്നാണ് കരുതുന്നത്. വാങ്കഡേ സ്റേഡിയം റണ്ണൊഴുകുന്ന പിച്ചാണെന്നതൊക്കെ ശരി. പക്ഷെ പകലും രാത്രിയുമായി നടക്കുന്ന മത്സരമായതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കായിരിക്കും റണ്ണെടുക്കാന്‍ എളുപ്പം. കാരണം മറ്റൊന്നുമല്ല, രാത്രിയിലെ മഞ്ഞുവീഴ്ച മൈതാനത്തെ ബാധിയ്ക്കും. ഔട്ട് പിച്ചില്‍ മഞ്ഞുവീണാല്‍ പന്തുരുളാന്‍ എളുപ്പമല്ല. ബൗണ്ടറികളെല്ലാം സിംഗിളുകളില്‍ ഒതുങ്ങും.
ഗ്വാളിയോറിലും ഇന്ത്യയുടെ വിജയത്തിന് നിര്‍ണ്ണായകമായത് ടോസാണ്. ടോസ് നേടിയ രാഹുല്‍ ദ്രാവിഡ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത് ഇന്ത്യയ്ക്ക് അനുഗ്രഹമായി.
ഇരുപക്ഷത്തും ടീമില്‍ മാറ്റമില്ല. ഗ്വാളിയോറില്‍ മാറ്റുരച്ച അതേ ടീം തന്നെയാണ് കളിക്കളത്തില്‍ ഇറങ്ങുക. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം ആവശ്യമുള്ളതിനാല്‍ സൗരവ് ഗാംഗുലി കളിയ്ക്കുന്നില്ല.
ഇതുവരെ രണ്ട് കളിയില്‍ നിന്ന് ഇന്ത്യയ്ക്ക് എട്ട് പോയിന്റുണ്ട്. ആസ്ത്രേല്യയ്ക്ക് ഏഴ് പോയിന്റും ന്യൂസിലാന്റിന് മൂന്ന്പോയിന്റും. ഈ കളിയില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ എത്താം.












Click it and Unblock the Notifications