ഇന്ത്യ- പാക് ക്രിക്കറ്റ് മാര്‍ച്ചില്‍?
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിന് പോകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. ഏകദേശം മാര്‍ച്ചോടെ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാനാണ് സാധ്യതയെന്നും ഡാല്‍മിയ വെളിപ്പെടുത്തി.
ഇന്ത്യ-പാക് ക്രിക്കറ്റ് വീണ്ടും പുനരാരംഭിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിയ്ക്കുന്ന പശ്ചാത്തലത്തില്‍ ഡാല്‍മിയയുടെ വെളിപ്പെടുത്തല്‍ കൂടിയായതോടെ കാര്യങ്ങള്‍ സുഗമമാകുമെന്ന് കരുതുന്നു. ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ലഫ്. ജന. തൗഖിര്‍ സിയയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും ഡാല്‍മിയ പറഞ്ഞു. സമയത്തെക്കുറിച്ച് അന്തിമധാരണയായിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറ്റവുമൊടുവില്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയത് 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയത് 1999ല്‍ ആണ്. ആസ്ത്രേല്യന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം മടങ്ങിയെത്തിയാലുടന്‍ പാകിസ്ഥാന്‍ പര്യടനം നടത്തണമെന്ന ആലോചനയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
1989-90ല്‍ പാകിസ്ഥാനില്‍ പര്യടനം നടത്തിയപ്പോള്‍ നാല് ടെസ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. എല്ലാം സമനിലയില്‍ കലാശിച്ചു. 1999ല്‍ ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പിനാണ് പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയത്. അന്ന് പാകിസ്ഥാന്‍ വിജയിച്ചെങ്കിലും കൊല്‍ക്കത്തയിലെ കാണികള്‍ അക്രമാസക്തരായി.












Click it and Unblock the Notifications