മോശം ബൗളിംഗിനാല്‍ തോറ്റു: ഗാംഗുലി
ബാംഗ്ലൂര്‍: ആസ്ത്രേല്യയ്ക്കെതിരായ മത്സരത്തില്‍ ബൗളിംഗ് മോശമായതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
അവസാനത്തെ 17 ഓവറുകളിലായി 150 റണ്‍സാണ് ആസ്ത്ര്രേല്യ അടിച്ചെടുത്തത്. 300-315 റണ്‍സ് എന്നത് ബാംഗ്ലൂരിലെ പിച്ചില്‍ പിന്തുടരാവുന്ന സ്കോറായിരുന്നു. നവംബര്‍ 15ന് നടക്കുന്ന ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്യേണ്ടതുണ്ട്. - ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പിംഗ് നന്നായി ചെയ്തില്ലെന്ന് ഗാംഗുലി പറഞ്ഞു. ദ്രാവിഡിന്റെ മെച്ചമല്ലാത്ത കീപ്പിംഗും വിജയം ആസ്ത്രേല്യയുടേതാവുന്നതിന് ഒരു ഘടകമായി. കഴിഞ്ഞ നാലഞ്ച് മാസമായി ദ്രാവിഡ് മതിയായ പരിശീലനം നടത്തിയിട്ടില്ല. വിക്കറ്റ് കീപ്പിംഗ് മറ്റാരെങ്കിലും ചെയ്യുമെന്ന് ദ്രാവിഡ് കരുതിയിട്ടുണ്ടാവണം. അതേ സമയം കഴിഞ്ഞ ഒന്നര വര്‍ഷമായി വിക്കറ്റ് കീപ്പറുടെ ജോലി ദ്രാവിഡ് ഭംഗിയായി ചെയ്യുന്നുണ്ട്. - ഗാംഗുലി പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്നിംഗ്സ് തങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. സച്ചിന് സ്കോറുറയര്‍ത്താനാവുമെന്നതാണ് തങ്ങളെ ആശങ്കയിലാക്കിയത്. സച്ചിനെ പുറത്താക്കിയത് കളിയില്‍ വഴിത്തിരിവായി.
ഫൈനലില്‍ ആരാണ് എതിരാളിയെന്നതിന് തന്റെ ടീം വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് പോണ്ടിംഗ് പറഞ്ഞു.












Click it and Unblock the Notifications