ഫൈനലില്‍ ഇടംതേടി ഇന്ത്യ ,കീവീസ്
ഹൈദരാബാദ്: ഇന്ത്യയ്ക്കും ന്യൂസിലാന്റിനും നവമ്പര്‍ 15 ശനിയാഴ്ചത്തെ മത്സരം നിര്‍ണ്ണായകം. ഇതില്‍ ജയിയ്ക്കുന്ന ടീമിന് ഫൈനലില്‍ എത്താമെന്നതിനാല്‍ ഇരുകൂട്ടര്‍ക്കും ഈ മത്സരം യുദ്ധം തന്നെയാകും.
ആസ്ത്രേല്യയോടും ന്യൂസിലാന്റിനോടുമായി കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശകര്‍ കൂടുതലായി ശകാരങ്ങള്‍ ചൊരിയുകയാണ്. വിമര്‍ശകരുടെ വായടപ്പിയ്ക്കാന്‍ കൂടി ഇന്ത്യയ്ക്കിന്ന് ജയിച്ചേ പറ്റൂ. ഫീല്‍ഡിംഗ്, ബൗളിംഗ് രംഗത്തെ ദൗര്‍ബല്യങ്ങള്‍ പാടെ പുറത്തുവന്ന മത്സരമായിരുന്നു ബാംഗ്ലൂരിലേത്.
ആസ്ത്രേല്യ അവസാന ഓവറുകളില്‍ അടിച്ചെടുത്ത 150 റണ്‍സാണ് 347 എന്ന കൂറ്റന്‍ സ്കോറിലേക്ക് ആസ്ത്രേല്യയെ ഉയര്‍ത്തിയത്. ബാറ്റിംഗിലൂടെ തിരിച്ചുവരവിന് ഇന്ത്യന്‍ ടീം ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇന്ത്യയുടെ ബൗളിംഗ്, ഫീല്‍ഡിംഗ് മേഖലയിലെ പിഴവുകളാണ് തോല്‍വിയ്ക്ക് കാരണമെന്ന ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ കുറ്റസമ്മതം കൂടിയായതോടെ കാര്യങ്ങള്‍ ശോചനീയമായിരിക്കുകയാണ്. ഈ രണ്ടു പിഴവുകള്‍ തീര്‍ത്തുകൊണ്ടുള്ള ഒരു ഇന്ത്യന്‍ ടീം തിരിച്ചുവന്നാലേ ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ എന്തെങ്കിലും സാധ്യതയുള്ളൂ. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ് ടീമിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. സച്ചിന്‍ മികച്ച ഫോമിലാണെന്നതും ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നു.
ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ചതിന്റെ ഉശിരിലാണ് ന്യൂസിലാന്റ്. ആദ്യമത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായ ഉശിരുള്ള ന്യൂസിലാന്റ് ടീമിനെയാണ് ഇന്ത്യ ഇന്ന് നേരിടേണ്ടിവരിക.
പിച്ചില്‍ നിന്ന് നന്നായി പുല്ല് നീക്കം ചെയ്തതിനാല്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചായിരിക്കും ഇന്നത്തേതെന്ന് കരുതുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദൂരദര്‍ശനില്‍ കളി സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications