ഫൈനല്‍: ഗാംഗുലിയുടെ കാര്യം ഉറപ്പായില്ല
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ത്രിരാഷ്ട്രക്കപ്പ് ഫൈനലില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കളിയ്ക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. നവമ്പര്‍ 18 ചൊവാഴ്ച രാവിലെ നടക്കുന്ന ഫിറ്റ്നസ് ടെസ്റിന് ശേഷമേ ഗാംഗുലിയുടെ കാര്യത്തില്‍ തീരുമാനമാകൂ.
ചൊവാഴ്ച ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്നത് ലോകകപ്പ് ഫൈനലിന്റെ റീമാച്ച് തന്നെയാണ്. ചൊവാഴ്ച ഉച്ചയ്ക്ക് 2.30മുതല്‍ ദൂരദര്‍ശനില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. ന്യൂസിലാന്റിനെ വന്‍മാര്‍ജിന് തോല്പിച്ച ഇന്ത്യന്‍ ടീം വന്‍ ആത്മവിശ്വാസത്തിലാണ്. കൊല്‍ക്കത്തയിലെ രാജകുമാരന്‍ ടീമിനെ നയിക്കാന്‍ ഉണ്ടാകുമോ എന്ന ആശങ്ക മാത്രമാണ് ഇന്ത്യന്‍ ടീമിന്റെ തലവേദന.
ഇന്ത്യ ഇന്ന് മൂന്ന് പേസ് ബൗളര്‍മാരെ പരീക്ഷിയ്ക്കുന്നുണ്ട്. കുംബ്ലെയും മുഹമ്മദ് കൈഫും ടീമിലുണ്ടാകില്ല. പകരം ഹര്‍ഭജന്‍ സിംഗും മുരളീ കാര്‍ത്തിക്കും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിയ്ക്കും. ആവിഷ്കാര്‍ സാല്‍വിയും ടീമിലുണ്ട്.
പക്ഷെ ഇതുവരെയുള്ള കണക്കെടുത്താല്‍ ആസ്ത്രേല്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ടൂര്‍ണ്ണമെന്റില്‍ ആദ്യ കളിയില്‍ ഇന്ത്യയോട് തോറ്റതൊഴിച്ചാല്‍ തുടര്‍ച്ചയായി അവര്‍ വിജയിക്കുകയായിരുന്നു.
ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെയാണ് കൊല്‍ക്കത്തയിലെ മൈതാനം കൂടുതലും തുണച്ചിട്ടുള്ളത്. ഇവിടെ നടന്ന 17 ഏകദിനങ്ങളില്‍ 10ലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് തലവേദനയാകും.












Click it and Unblock the Notifications