ബൗളര്‍മാരെ കശക്കി; വിക്ടോറിയയ്ക്ക് ലീഡ്
സിഡ്നി: ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയ വിക്ടോറിയ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ 82 റണ്‍സിന്റെ ലീഡെടുത്തു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 9ന് 266 റണ്‍സിനെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ച് വിക്കറ്റിന് 348 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസം കൂടിയവശേഷിക്കേ കളി സമനിലയില്‍ കലാശിയ്ക്കുമെന്നുറപ്പാണ്.
എങ്കിലും ഇന്ത്യയിലെ ബൗളര്‍മാര്‍ക്ക് ദുസ്വപ്നത്തിന്റെ ദിനമായിരുന്നു നവമ്പര്‍ 26 ബുധനാഴ്ച. ഏറ്റവുമധികം അടികൊണ്ടത് ഹര്‍ഭജന്‍ സിംഗാണ്.
സെഞ്ച്വറി നേടിയ ബ്രാഡ്ലി ഹോഡ്ഗ് ഹര്‍ഭജനെ ശരിയ്ക്കും ശിക്ഷിയ്ക്കുകയായിരുന്നു. ആസ്ത്രേല്യന്‍ പര്യടനത്തില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടാകുമെന്ന് കരുതിയ ഹര്‍ഭജന്‍ കന്നിക്കളയില്‍ തന്നെ തകരുന്നതാണ് കണ്ടത്.
228 പന്തില്‍ നിന്നും 153 റണ്‍സാണ് ബ്രാഡ്ലി ഹോഗ്ഡ് അടിച്ചു കൂട്ടിയത്. കളിനിര്‍ത്തുമ്പോള്‍ 54 റണ്‍സെടുത്ത ഇയാന്‍ ഹാര്‍വിയാണ് ഹോഡ്ഗോയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത്.
മാത്യു ഇലിയോട്ട് (48), ജസണ്‍ ആര്‍ന്‍ ബെര്‍ഗര്‍ (8), ജൊനാത്തണ്‍ മോസ് (42), ഡേവിഡ് ജോണ്‍ ഹുസൈ (21), ആന്‍ഡ്രൂ ബാരി മക്ഡോണാള്‍ഡ് (1) എന്നിവരാണ് പുറത്തായ വിക്ടോറിയ താരങ്ങള്‍.
ഇലിയോട്ടിനേയും മക്ഡോള്‍ഡിനേയും പുറത്താക്കിയത് ഹര്‍ഭജന്‍ സിങ്ങാണ്.ആര്‍ന്‍ ബെര്‍ഗറുടേയും ഹുസൈയുടേയും വിക്കറ്റ് ആശിഷ് നെഹ്റയ്ക്കാണ്. മോസ് റണ്ണൗട്ടായാണ് പുറത്തായത്.
ഡിസംബര്‍ നാലിന് ആദ്യ ടെസ്റ് തുടങ്ങാനിരിക്കെ ബൗളര്‍മാരുടെ ദയനീയ പ്രകടനം ഇന്ത്യയെ വലയ്ക്കുന്നുണ്ട്.












Click it and Unblock the Notifications