ആസ്ത്രേല്യ 5ന് 400
അഡലെയ്ഡ്: റണ്ണൊഴുകുന്ന പിച്ചെന്ന പേര് അഡലെയ്ഡ് മൈതാനം കാത്തുസൂക്ഷിച്ചു. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആസ്ത്രേല്യ ആദ്യദിവസം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് എന്ന കൂറ്റന്‍ സ്കോറില്‍.
ഒന്നര സെഞ്ച്വറി പൂര്‍ത്തിയാക്കിയ റിക്കി പോണ്ടിംഗാണ് ഇന്ത്യന്‍ ബൗളിംഗിന്റെ നട്ടെല്ലൊടിച്ചത്. പോണ്ടിംഗ് ഇപ്പോള്‍ 176 റണ്‍സെടുത്ത് ക്രീസില്‍ നില്ക്കുകയാണ്.
നെഹ്റ രണ്ടു വിക്കറ്റെടുത്തു. കുംബ്ലെ, അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു. ഇപ്പോള്‍ ആദം ഗില്‍ക്രിസ്റും റിക്കി പോണ്ടിംഗുമാണ് ക്രീസില്‍.
പോണ്ടിംഗിന് സെഞ്ച്വറി; ആസ്ത്രേല്യ കുതിയ്ക്കുന്നു
ഡിസംബര്‍ 12, 2003
അഡലെയ്ഡ്: റണ്ണൊഴുകുന്ന അഡലെയ്ഡ് പിച്ചില്‍ ആസ്ത്രേല്യ കുതിയ്ക്കുന്നു. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ റിക്കി പോണ്ടിംഗ് സെഞ്ച്വറി നേടി. ഇപ്പോള്‍ ആസ്ത്രേല്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് എന്ന നിലയിലാണ്.
58 റണ്‍സെടുത്ത ജസ്റിന്‍ ലാംഗര്‍, 12 റണ്‍സെടുത്ത മാത്യു ഹെയ്ഡന്‍, 30 റണ്‍സെടുത്ത ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആസ്ത്രേല്യയ്ക്ക് നഷ്ടമായത്. ഇര്‍ഫാന്‍ പത്താനാണ് ആസ്ത്രേല്യയ്ക്ക് ആദ്യപ്രഹരം ഏല്പിച്ചത്. മാത്യു ഹെയ്ഡന്റെ വിക്കറ്റ് നേടി ഇര്‍ഫാന്‍ പത്താന്‍ എന്ന 18 കാരന്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ തന്റെ കന്നിവിക്കറ്റ് നേടി. 12 റണ്‍സെടുത്ത് നില്ക്കുന്ന മാത്യുഹെയ്ഡനെ ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടിച്ചുപുറത്താക്കുകയായിരുന്നു. അപ്പോള്‍ ഇന്ത്യയ്ക്ക് മനോഹരമായ തുടക്കമായിരുന്നു- ഒരു വിക്കറ്റിന് 22 റണ്‍സ്. പക്ഷെ പിന്നീട് വന്ന ബാറ്റ്സ്മാന്‍മാര്‍ കളിയുടെ കഥ മാറ്റുകയായിരുന്നു. അവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ ശരിയ്ക്കും ശിക്ഷിച്ചു.
കുംബ്ലെ ലാംഗറുടെ വിക്കറ്റെടുത്തപ്പോള്‍ മാര്‍ട്ടിനെ നെഹ്റ പുറത്താക്കി. ഇപ്പോള്‍ 109 റണ്‍സെടുത്ത റിക്കി പോണ്ടിംഗും 24 റണ്‍സെടുത്ത സ്റീവ് വോയും ബാറ്റ് ചെയ്യുന്നു.
ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ട്. കൈവിരലിന് പരിക്കേറ്റതുമൂലം ഹര്‍ഭജന്‍ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കുണ്ടാവില്ല. ഹര്‍ഭജന് പകരം അനില്‍ കുംബ്ലെയാണ് കളിയ്ക്കുന്നത്. കാല്‍മസിലിലെ വേദന മൂലം സഹീര്‍ഖാന്‍ അഡലെയ്ഡ് ടെസ്റിലില്ല. പകരം ഇര്‍ഫാന്‍ പത്താനെ ടീമില്‍ ഉള്‍പ്പെടുത്തി.












Click it and Unblock the Notifications