ക്രിക്കറ്റില്‍ രാഷ്ട്രീയം
ദില്ലി: പാകിസ്ഥാനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് വിജയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഇതോടെ ഇന്ത്യയുടെ പാകിസ്ഥാനിലെ പര്യടനം വെറും കായികവിനോദത്തിനപ്പുറം രാഷ്ട്രീയപ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുകയാണ്.
ലാഹോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയ ഉടനെ കോണ്‍ഗ്രസും ബിജെപിയും മൊബൈല്‍ ഫോണുകളില്‍ സന്ദേശം അയയ്ക്കാന്‍ തുടങ്ങി. ബിജെപിയുടെ സന്ദേശമായിരുന്നു ആദ്യം എത്തിയത്. കളി ജയിച്ചു, മനസ്സുകളും ജയിച്ചു, സബാഷ് ഇന്ത്യ എന്ന സന്ദേശമായിരുന്നു ബിജെപിയുടെ ദില്ലി ഓഫീസില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് പ്രവഹിച്ച സന്ദേശം. കളി മാത്രമല്ല, ഹൃദയങ്ങളും കീഴടക്കുക എന്ന ആശംസയാണ് പാകിസ്ഥാനിലേക്ക് പുറപ്പെടും മുമ്പ് കളിക്കാര്‍ക്ക് ഇന്ത്യന്‍ പ്രധാമന്ത്രി വാജ്പേയി നല്കിയത്. ഈ ആശംസയോട് അടുത്തുനില്ക്കുന്ന സന്ദേശമാണ് ബിജെപി മൊബൈല്‍ ഫോണുകളിലേക്ക് അയച്ചത്.
ഭാരതം ജയിച്ചു, സാധാരണക്കാരനും അഭിമാനിയ്ക്കാന്‍ വകയായി എന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് എത്തിയത്. രഥയാത്രയ്ക്കിടയില്‍ ഇന്ത്യയുടെ വിജയം അറിഞ്ഞ അദ്വാനി കര്‍ണ്ണാടകയിലെ ദാവണ്‍ഗരെയില്‍ തന്റെ പ്രസംഗം തുടങ്ങിയത് തന്നെ ഇന്ത്യയുടെ ക്രിക്കറ്റ് വിജയം പ്രഖ്യാപിച്ചുകൊണ്ടാണ്. ഇന്ത്യ തിളങ്ങുന്നു എന്ന അവകാശവാദത്തിന് ഇന്ത്യയുടെ കളിയിലെ വിജയത്തെക്കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ട് ശക്തികൂട്ടാനാണ് ബിജെപിയുടെ തീരുമാനം.
ലാഹോറിലെ നാഷണല്‍ സ്റേഡിയത്തില്‍ പ്രിയങ്കഗാന്ധി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സാധാരണ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഗ്യാലറിയിലെത്താത്ത പ്രിയങ്കയുടെ കഴിഞ്ഞ ദിവസത്തെ സാന്നിധ്യത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നുറപ്പ്. ബിജെപിയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ഇനി മാര്‍ച്ച് 17 ചൊവാഴ്ച റാവല്‍പിണ്ടിയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കൂടുതല്‍ രാഷ്ട്രീയക്കാര്‍ ഗ്യാലറിയിലെത്തുമോ എന്നേ അറിയാനുള്ളൂ.












Click it and Unblock the Notifications