ക്രിക്കറ്റ് ദൂരദര്‍ശനില്‍
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ റാവല്‍പിണ്ടിയില്‍ മാര്‍ച്ച് 16 ചൊവാഴ്ച നടക്കുന്ന ഏകദിനത്തിന്റെ തത്സമയ സംപ്രേഷണാവകാശം ദൂരദര്‍ശന് നല്കാന്‍ ടെന്‍ സ്പോര്‍ട്സ് സമ്മതിച്ചു. സംപ്രഷണാവകാശം ദൂരദര്‍ശന് നല്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ടെന്‍സ്പോര്‍ട്സിനോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ ഉത്തരവ് നടപ്പാനാക്കാനാവില്ലെന്നായിരുന്നു ആദ്യം ടെന്‍സ്പോര്‍ട്സിന്റെ വിശദീകരണം. പിന്നീട് അവര്‍ നിലപാട് തിരുത്തി. ടെന്‍സ്പോര്‍ട്സിന്റെ ഇന്ത്യയിലെ വിതരണക്കാരായ താജ് ടിവിയുടെ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബുകാതിര്‍ ആണ് സംപ്രേഷണാവകാശം ദൂരദര്‍ശന് നല്കിയതായി പ്രഖ്യാപിച്ചത്.
സംപ്രേഷണാവകാശം ദൂരദര്‍ശന് നല്കുന്നതിന് പകരമായി ടെന്‍സ്പോര്‍ട്സിന് സര്‍ക്കാരും സുപ്രീംകോടതിയും ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും അബ്ദുല്‍ റഹ്മാന്‍ ബുകാതിര്‍ പറഞ്ഞു.
പ്രസാര്‍ഭാരതിയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ കോടതിയ്ക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പിന് മടിയ്ക്കില്ലെന്നും അബ്ദുല്‍ റഹ്മാന്‍ ബുകാതിര്‍ പറഞ്ഞു. റാവല്‍ പിണ്ടി മത്സരത്തിന്റെ സംപ്രേഷണാവകാശം മാത്രമാണ് ഇപ്പോള്‍ ദൂരദര്‍ശന് നല്കുന്നത്. സുപ്രീംകോടതി ഈ കേസില്‍ മാര്‍ച്ച് 17 ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും.












Click it and Unblock the Notifications