ക്രിക്കറ്റ്: പാകിസ്ഥാന് മുന്‍തൂക്കം
റാവല്‍പിണ്ടി: തങ്ങളുടെ ഭാഗ്യമൈതാനത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് പാകിസ്ഥാന്‍ കളിയ്ക്കാന്‍ ഇറങ്ങുന്നത്. റാവല്‍പിണ്ടിയില്‍ നടന്ന 13 മത്സരങ്ങളില്‍ 10ലും പാകിസ്ഥാന്‍ ജയിച്ചിട്ടുണ്ട്. ഇതാണ് അവര്‍ക്ക് ആവേശം നല്കുന്നത്.
ഇന്ത്യയാണെങ്കില്‍ ലാഹോര്‍ മത്സരത്തിലെ വിജയത്തിന്റെ ലഹരിയിലാണ്. ഇതുമാത്രമാണ് ഇന്ത്യയുടെ ഏകആത്മവിശ്വാസം.
ലാഹോര്‍ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ആശിശ് നെഹ്റ കണങ്കാലില്‍ പരിക്കേറ്റതിനാല്‍ കളിയ്ക്കുന്നില്ല. നെഹ്റയ്ക്ക് പകരം ഇര്‍ഫാന്‍ പത്താന്‍ പന്തെറിയും. പനി മൂലം സൗരവ് ഗാംഗുലി കളിയ്ക്കുന്ന കാര്യം സംശയമാണെങ്കിലും അവസാനനിമിഷം ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. വിവിഎസ്. ലക്ഷ്മണ്‍ അതിനാല്‍ ഇക്കുറിയും ഗ്യാലറിയില്‍ ഇരിയ്ക്കുമെന്ന് കരുതുന്നു.
പാക് പേസ് ബൗളര്‍ ശുഹൈബ് അക്തറിന്റെ നൂറാം ഏകദിനമാണ് റാവല്‍പിണ്ടിയിലേത്. പാക് മാധ്യമങ്ങള്‍ അതിനാല്‍ റാവല്‍പിണ്ടി എക്സ്പ്രസിന്റെ റാവല്‍പിണ്ടിയിലെ മത്സരത്തിന് ഏറെ പ്രാധാന്യം നല്കി.
പാക് ക്യാപ്റ്റന്‍ ഇന്‍സമാം മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ റാവല്‍പിണ്ടിയില്‍ കാഴ്ചവച്ചിട്ടുള്ളത്. പാകിസ്ഥാന്റെ ജയപരാജയങ്ങള്‍ ഇന്‍സമാമിന്റെ ബാറ്റിംഗ് പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന അഭിപ്രായമാണ് മുന്‍ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍ പ്രകടിപ്പിയ്ക്കുന്നത്.
ഏകദിനക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 13,000 റണ്‍സ് എന്ന നാഴികക്കല്ലിന് അടുത്ത് നില്ക്കുകയാണ്. 13,000 തികയ്ക്കാന്‍ സച്ചിന് ഇനി 51 റണ്‍സ് കൂടി എടുത്താല്‍ മതി.












Click it and Unblock the Notifications