ഇന്ത്യ 12 റണ്‍സിന് തോറ്റു
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യ പൊരുതി തോറ്റു. ജയിക്കാന്‍ 330 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 12 റണ്‍സിനാണ് തോറ്റത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ശക്തമായ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നത്. 135 പന്തില്‍ 141 റണ്‍സെടുത്ത് മനോഹരമായ ബാറ്റിംഗ് കാഴ്ചവച്ച സച്ചിനാണ് കളിയിലെ കേമന്‍. ഏകദിനത്തില്‍ സച്ചിന്‍ 13,00 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഗാഗുലി 38ഉം ദ്രാവിഡ് 45 ഉം റണ്‍സെടുത്ത് സച്ചിന് മികച്ച പിന്തുണ നല്‍കി.
ഇന്ത്യയുടെ പ്രമുഖ ബാറ്റ്സ്മാന്മാര്‍ പുറത്തായിട്ടും വാലറ്റക്കാരായ രമേഷ് പവാറും ബാലാജിയും വിജയദാഹത്തോടെ കളിച്ചെങ്കിലും വിജയത്തിലേക്കെത്താന്‍ ഇന്ത്യയ്ക്കായില്ല. 12 പന്തില്‍ നിന്ന് 19 റണ്‍സോടെ രമേഷ് പവാറും 10 പന്തില്‍ നിന്ന് ബാലാജിയും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷകള്‍ നല്‍കിയതാണ്. എന്നാല്‍ ബാലാജിയുടെ റണ്ണൗട്ടോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു. നെഹ്റ കൂടി പുറത്തായതോടെ 48.4 ഓവറില്‍ 317 റണ്‍സിന് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.
അഞ്ച് ഏകദിനങ്ങളുള്ള പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. മൂന്നാം ഏകദിനം മാര്‍ച്ച് 20 വെള്ളിയാഴ്ചയാണ്.












Click it and Unblock the Notifications