ഇന്ത്യ 675ന് ഡിക്ലയര്‍ ചെയ്തു
മുള്‍ട്ടാന്‍: അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ 675 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 194 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്ന സച്ചിന് ഡിക്ലയര്‍ ചെയ്തതിനാല്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനായില്ല.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റണ്‍സ് നേടി. പാകിസ്ഥാനു വേണ്ടി ഇര്‍ഫാന്‍ ഫര്‍ഹത്തും(17) തൗഫീക് ഉമറും(20) ബാറ്റു ചെയ്യുന്നു.
16 ഓവര്‍ ബാക്കിനില്ക്കെയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. സെവാഗ് പുറത്തായ ശേഷം എത്തിയ വിവിഎസ് ലക്ഷ്മണ്‍ നന്നായി ബാറ്റ് ചെയ്തെങ്കിലും 28 റണ്‍സ് നേടി നില്ക്കെ റണ്ണൗട്ടായി. തുടര്‍ന്ന് വന്ന യുവരാജ് സിംഗ് സച്ചിനോടൊപ്പം തന്നെ വെടിക്കെട്ടുതിര്‍ക്കുകയായിരുന്നു. അല്പനേരം മാത്രം ക്രീസില്‍ നിന്ന് യുവരാജ് സിംഗ് എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 66 പന്തില്‍ നിന്ന് 59 റണ്‍സെടുത്തു.
യുവരാജ് പുറത്തായതോടെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സച്ചിന് പക്ഷെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് നഷ്ടമായി. ആറ് റണ്‍സ്കൂടി എടുത്ത് ഡബിള്‍ സെഞ്ച്വറിയെടുത്തിരുന്നെങ്കില്‍ 34 സെഞ്ച്വറി നേടിയ ഗവാസ്കറിന്റെ റിക്കാര്‍ഡിനൊപ്പം സച്ചിനും എത്തുമായിരുന്നു.
നേരത്തെ സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് എടുത്ത 336 റണ്‍സ് റിക്കാര്‍ഡാണ്. 1991-92ല്‍ ഗുണ്ടപ്പ വിശ്വനാഥും യശ്പാല്‍ ശര്‍മ്മയും ചേര്‍ന്നെടുത്ത 316 റണ്‍സായിരുന്നു ഇതിന് മുമ്പ്ഏറ്റവും ഉയര്‍ന്ന മൂന്നാംവിക്കറ്റ്കൂട്ടുകെട്ട്. പാകിസ്ഥാനെതിരെ നേടുന്ന ഏറ്റവും വലിയ റണ്‍കൂട്ടുകെട്ടായിരുന്നു സച്ചിനുംസെവാഗും പടുത്തുയര്‍ത്തിയത്. ഇതിന് മുമ്പ് ഗവാസ്കറും ശ്രീകാന്തും ചേര്‍ന്ന് ചെന്നൈയില്‍ 1991-92 കാലത്ത് എടുത്ത 200 റണ്‍സായിരുന്നു പാകിസ്ഥാനെതിരായ ഏറ്റവും ഉയര്‍ന്ന റണ്‍ കൂട്ടുകെട്ട്.
സെവാഗിന് ട്രിപ്പിള്‍
സമയം: 1.40 പിഎം
മാര്‍ച്ച് 29, 2004
മുള്‍ട്ടാന്‍: ഒടുവില്‍ സെവാഗ് അത് നേടി. ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഒരിന്ത്യക്കാരന്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്.
പക്ഷെ സ്കോര്‍ 309ല്‍ എത്തിനില്ക്കെ സെവാഗ് പുറത്തായി. സാമിയുടെ പന്തില്‍ ഉമര്‍ ക്യാച്ചെടുക്കുകയായിരുന്നു. അതോടെ ലോകറിക്കാര്‍ഡിലേക്കുള്ള സെവാഗിന്റെ കുതിപ്പ് അവസാനിച്ചു.
സച്ചിന് സെഞ്ച്വറി; സെവാഗ് ട്രിപ്പിളിലേക്ക്
മാര്‍ച്ച് 29, 2004
മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ ടെസ്റിന്റെ രണ്ടാം ദിവസം കളി തുടങ്ങി അധികം വൈകാതെ സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സച്ചിന്റെ 33ാം സെഞ്ച്വറിയാണിത്.
292 റണ്‍സോടെ ബാറ്റ് ചെയ്യുന്ന സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിയ്ക്കുകയാണ്. ഇതിനകം സെവാഗ് ഒട്ടേറെ റിക്കാര്‍ഡുകള്‍ തിരുത്തി. ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും മികച്ച സ്കോര്‍ എന്ന റിക്കാര്‍ഡ് സെവാഗ് സ്വന്തമാക്കി. ഇതുവരെ ലക്ഷ്മണിന്റെ 281 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ റിക്കാര്‍ഡ്. ഇനി എട്ട് റണ്‍സുകൂടി കൂട്ടിച്ചേര്‍ത്താല്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി മാറും.
ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആസ്ത്രേല്യയുടെ മാത്യു ഹെയ്ഡന്‍ നേടിയ 380 റണ്‍സാണ്. ഇത് മറികടക്കാന്‍ സെവാഗിനാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സച്ചിന്‍-സെവാഗ് കൂട്ടുകെട്ട് 197 റണ്‍സ് മറികടന്നതോടെ മൂന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ അത് ഇന്ത്യയുടെ പുതിയ റിക്കാര്‍ഡായി മാറി. ഇന്ത്യയുടെ സ്കോര്‍ 500 ലേക്ക് അടുക്കുകയാണ്.












Click it and Unblock the Notifications