ക്രിക്കറ്റ്: ഇന്ത്യ തോല്‍വിയിലേക്ക്
ലാഹോര്‍: ഒത്തുകളിയെന്ന് തോന്നിയ്ക്കുംവിധം നാടകീയമായ രീതിയില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് തകര്‍ന്നു. ഒന്നാം ഇന്നിംഗ്സില്‍ 202 റണ്‍സ് ലീഡെടുത്ത പാകിസ്ഥാനെതിരെ നിശ്ചയദാര്‍ഡ്യത്തോടെ ഇറങ്ങുമെന്ന് കരുതിയ ഇന്ത്യ പക്ഷെ തകരുകയായിരുന്നു.
ഓപ്പണര്‍ ആകാശ് ചോപ്രയുടെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ ഒരു ഘട്ടത്തില്‍ രണ്ട്വിക്കറ്റിന് 15 എന്ന നിലയില്‍ ആയിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടായിരുന്നു. ചോപ്രയെ അക്തര്‍ എല്‍ബിയില്‍ കുടുക്കി.
പകരം വന്ന സച്ചിന്‍ എട്ട് റണ്‍സെടുത്തപ്പോഴേയ്ക്കും സാമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 13 റണ്‍സെടുത്ത ലക്ഷ്മണിന്റെ ചെറുത്തുനില്പ് ഉമര്‍ഗുല്‍ അവസാനിപ്പിച്ചു. യുവരാജ് സിംഗിനെ സമിയുടെ പന്തില്‍ അക്മല്‍ പിടിച്ചതോടെ ഇന്ത്യ അഞ്ച് വിക്കറ്റിന് 105 എന്ന പരിതാപകരമായ നിലയിലായി. ഇന്ത്യയുടെ ഏകപ്രതീക്ഷ 84 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുന്ന വീരേന്ദര്‍ സെവാഗിലാണ്. 12 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ കൂട്ടിനുണ്ട്. ഇപ്പോള്‍ അഞ്ച് വിക്കറ്റിന് 146 എന്ന നിലയിലാണ് ഇന്ത്യ. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 202 റണ്‍സ് വേണം.
പാകിസ്ഥാന് 202 റണ്‍സിന്റെ ലീഡ്
സമയം: 14:50 പിഎം
ഏപ്രില്‍ 07, 2004
ലാഹോര്‍: പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 489 റണ്‍സിന് അവസാനിച്ചു.
അവസാനനിമിഷം കമാലും അക്തറും നടത്തിയ ചെറുത്തുനില്പാണ് പാകിസ്ഥാന്റെ സ്കോര്‍ ഉയര്‍ത്തിയത്. ഒടുവില്‍ 73 റണ്‍സെടുത്ത കമാലിനെ കുംബ്ലെയുടെ പന്തില്‍ വിക്കറ്റ്കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്യാച്ചെടുത്തു. 19 റണ്‍സെടുത്ത അക്തറിനെ കുംബ്ലെയുടെ പന്തില്‍ യുവരാജ് ക്യാച്ചെടുത്തു.
12 റണ്‍സെടുത്ത ഉമര്‍ ഗുലിനെ ടെണ്ടുല്‍ക്കര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ 202 റണ്‍സിന്റെ ലീഡുണ്ട്. ഇനി രണ്ടു ദിവസം കൂടി ബാക്കി നില്ക്കെ ഇന്ത്യയ്ക്ക് ഈ ടെസ്റില്‍ സമനില നേടുക എന്നതുതന്നെ ദുഷ്കരമായിരിക്കുകയാണ്.
പാക് കുതിപ്പിന് പത്താന്‍ തടയിട്ടു
സമയം: 12:55 പിഎം
ഏപ്രില്‍ 07, 2004
ലാഹോര്‍: കൂറ്റന്‍സ്കോറിലേക്ക് കുതിയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന് ഇന്ത്യയുടെ ഫാസ്റ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍ കനത്തപ്രഹരം നല്കി. ഏപ്രില്‍ ഏഴ് ബുധനാഴ്ച രാവിലെ കളി തുടങ്ങിയപ്പോള്‍ തന്നെ പത്താന്‍ പാകിസ്ഥാന്റെ വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി.
കഴിഞ്ഞ ദിവസം 118 റണ്‍സ് നേടിയ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഒരു റണ്‍സ് പോലും ബുധനാഴ്ച കൂട്ടിച്ചേര്‍ക്കാനായില്ല. ഇര്‍ഫാന്‍ പത്താന്‍ ഇന്‍സമാമിനെ എല്‍ബിയില്‍ കുടുക്കി.
72 റണ്‍സെടുത്ത യൂഹാനയെ ബാലാജിയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടിച്ചു. അഞ്ച് റണ്‍സെടുത്ത അക്മലിനെ എല്‍ബിയില്‍ കുടുക്കിയ പത്താന്‍ രണ്ട് റണ്‍സെടുത്ത സമിയെ ക്ലീന്‍ ബൗള്‍ഡാക്കി. ഇപ്പോള്‍ കമാലും(23) അക്തറും(13) ക്രീസില്‍. പാകിസ്ഥാന്‍ ഇപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സെടുത്തു.












Click it and Unblock the Notifications