മാന്ത്രികഏറുമായി ഹര്‍ഭജന്‍ വരുന്നു
ബാംഗ്ലൂര്‍: ആറ് മാസത്തെ പരിക്കിന് ശേഷം ഇന്ത്യയുടെ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് വീണ്ടും അന്താരാഷ്ട്രക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ജൂണ്‍ 17 വ്യാഴാഴ്ച കളിക്കളത്തിലിറങ്ങാന്‍ ഹര്‍ഭജന്‍ സിംഗിന്റെ ശരീരം യോഗ്യമായെന്ന് ശാരീരികക്ഷമതാ ടെസ്റില്‍ തെളിഞ്ഞു.
പക്ഷെ ഇക്കുറി താന്‍ വരുന്നത് ഒരു മാന്ത്രിക ഏറുമായിട്ടായിരിക്കുമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഞാന്‍ ഒരു അത്ഭുതകരമായ ഏറ് പരിശീലിക്കുകയാണ്. ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും ഞാന്‍ പറയില്ല. മത്സരസമയത്ത് ടിവിയില്‍ നിങ്ങള്‍ക്ക് അത് കാണാം. ഞാന്‍ ഒരു പ്രത്യേക രീതിയിലുള്ള ബൗളിംഗാണ് പരീക്ഷിയ്ക്കുന്നത്. അത് ഒരു വലിയ അത്ഭുതമായിരിക്കും. - തന്നെ കാണാനെത്തിയ വാര്‍ത്താലേഖകരോട് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി ഞാന്‍ ബൗളിംഗ് വീണ്ടും തുടങ്ങി. ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടി. ഇപ്പോള്‍ ബാറ്റിംഗും വ്യായാമവും തുടങ്ങി. കളി തുടങ്ങാന്‍ ഞാന്‍ കാത്തിരിയ്ക്കുകയാണ്. - ഹര്‍ഭജന്‍ പറഞ്ഞു.
പരിക്ക് മൂലം പുറത്തിരിയ്ക്കുന്നത് വേദനാകരമാണ്. പാകിസ്ഥാന്‍ പര്യടനത്തില്‍ മാത്രമല്ല, ആസ്ത്രേല്യയുമായുള്ള മത്സരത്തിലും പുറത്തിരിക്കേണ്ടിവന്നു. ഇത് നിരാശാജനകമാണ്. ഇനി ഏഷ്യാകപ്പിനെയും വരാനിരിയ്ക്കുന്ന ടെസ്റ് മത്സരങ്ങളേയുമാണ് ഉറ്റുനോക്കുന്നത്. - ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications