പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
ലിസ്ബന്‍: സ്പെയിനിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പോര്‍ച്ചുഗല്‍ ഫോര്‍വേഡ് നുനോ ഗോമസാണ് സ്പെയിനിന്റെ യൂറോ സ്വപ്നങ്ങള്‍ തകര്‍ത്തത്.
രണ്ടാം പകുതിയില്‍ 57ാം മിനിറ്റിലായിരുന്നു ഗോള്‍. പോര്‍ച്ചുഗലിന്റെ പോലെറ്റയ്ക്ക് പകരം രണ്ടാം പകുതിയില്‍ കളിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു നുനോ ഗോമസ്. കോച്ച് സ്കൊളാരിയുടെ തീരുമാനം ശരിയെന്ന് നുനോ ഗോമസ് തെളിയിച്ചു. ഗോള്‍മുഖത്ത് നിന്നും 20 വാര അകലെ നിന്നായിരുന്നു നുനോ ഗോമസിന്റെ അത്ഭുതകരമായ ഷോട്ട്. ഫിഗോ നല്കിയ പാസ് ഒരു നിമിഷം വൈകിക്കാതെ ഗോള്‍മുഖത്തേയ്ക്ക് പായിക്കുകയായിരുന്നു നുനോ ഗോമസ്.
സ്പെയിനിന് യൂറോകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഒരു സമനില മാത്രം മതിയായിരുന്നു. സ്പെയിനില്‍ കളിയിലുടനീളം ഒരു സമനിലയ്ക്കായി പൊരുതുകയായിരുന്നു എന്ന് തോന്നി. ആക്രമണത്തിന് പകരം പ്രതിരോധത്തിനായിരുന്നു സ്പെയിനിന്റെ ശ്രദ്ധ. പക്ഷെ ഒരു ഗോള്‍ വീണതോടെ സമനില ഗോളിനായി സ്പെയിന്‍ ഉണര്‍ന്നു കളിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.
എ ഗ്രൂപ്പില്‍ നിന്ന് പോര്‍ച്ചുഗലിനൊപ്പം ഗ്രീസും ക്വാര്‍ട്ടറില്‍ കടക്കും. അവസാനമത്സരത്തില്‍ റഷ്യയോട് 2-1 ന് തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ സ്പെയിനിനേക്കാള്‍ മുന്നിലായതിനാലാണ് ഗ്രീസിന് നറുക്ക് വീണത്.


Click it and Unblock the Notifications