തോറ്റെങ്കിലും ഗ്രീസ് ക്വാര്‍ട്ടറില്‍
പാരോ, പോര്‍ച്ചുഗല്‍: അവസാന മത്സരത്തില്‍ റഷ്യയോട് 2-1ന് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഗ്രീസ് യൂറോ കപ്പിന്റെ എ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറില്‍ കടന്നു. പോര്‍ച്ചുഗല്‍ സ്പെയിനെ തോല്പിച്ചതാണ് ഗ്രീസിന് തുണയായത്.
ഗോള്‍ ശരാശരിയില്‍ സ്പെയിനിനേക്കാള്‍ മുന്നിലായതിനാലാണ് ഗ്രീസിന് ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിച്ചത്. സ്പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നെങ്കില്‍ ഗ്രീസ് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു. പോര്‍ച്ചുഗലിനോടും സ്പെയിനിനോടും തോല്വി ഏറ്റുവാങ്ങിയ റഷ്യ ഗ്രീസിനെതിരെ കളിയിലേക്ക് മടങ്ങിവരികയായിരുന്നു. ഗ്രീസിന്റെ പ്രതിരോധനിരയെ കീറിമുറിയ്ക്കുന്ന റഷ്യന്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം കണ്ടത്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ റഷ്യ ഗ്രീസിന്റെ വലകുലുക്കി. ദിമ്ത്രി കിരിചെങ്കോവാണ് റഷ്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. അത് യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായി.
പിന്നീട് ആദ്യ പകുതിയുടെ 20ാം മിനിറ്റില്‍ റഷ്യ രണ്ടാം ഗോള്‍ നേടി. റോളാന്‍ ഗുസേവ് തൊടുത്ത ഒരു കോര്‍ണര്‍ ദിമ്ത്രി ബുലികിന്‍ മനോഹരമായ ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. റഷ്യ അവരുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തേണ്ടതായിരുന്നു. പക്ഷെ പെനാല്‍റ്റി ബോക്സില്‍ നിന്നും ആന്റ്രി കര്യാക്ക തൊടുത്ത ഷോട്ട് നിര്‍ഭാഗ്യത്താല്‍ ഗോളായില്ല.
കളിയുടെ 43ാം മിനിറ്റിലാണ് ഗ്രീസ് ഒരു ഗോള്‍ മടക്കിയത്. സിസിസ് റൈസാസ് ആണ് റഷ്യയുടെ വല കുലുക്കിയത്. എണ്ണം പറഞ്ഞ റൈസാസിന്റെ ചിപ് ഷോട്ടിന് മുന്നില്‍ നോക്കി നില്ക്കാനേ റഷ്യന്‍ ഗോളി വയാചെസ്ലേവ് മലഫീവിന് കഴിഞ്ഞുള്ളൂ.
റഷ്യയോട് തോറ്റെങ്കിലും ഗ്രീസ് ഗോള്‍ ശരാശരിയുടെ ബലത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുമെന്നറിഞ്ഞതോടെ ഗ്രീക്ക് ആരാധകര്‍ സ്റേഡിയത്തില്‍ നൃത്തം ചവിട്ടി. ഗ്രീസിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിച്ച ജര്‍മ്മന്‍ കോച്ച് ഒട്ടോ റെഹ്ഗലിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. ഗ്രീസിനെ സംബന്ധിച്ചിടത്തോളം യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഒരു ചരിത്ര നേട്ടമാണ്. 1987ല്‍ ബാസ്കറ്റ് ബാളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍പട്ടം നേടിയതാണ് ഇതിന് മുമ്പ് ഗ്രീസ് നേടിയ വലിയ കായിക ബഹുമതി.












Click it and Unblock the Notifications