യൂറോ: ജര്‍മ്മനി പുറത്ത്
പോര്‍ച്ചുഗല്‍: ഇറ്റലിയ്ക്ക് പിന്നാലെ യൂറോപ്യന്‍ ഫുട്ബാളിന്റെ കരുത്തരായ ജര്‍മ്മനിയും യൂറോകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജയം തേടിയിറങ്ങിയ ജര്‍മ്മനി പക്ഷെ ചെക്കോസ്ലോവാക്യയുടെ രണ്ടാംകിട ടീമിന് മുന്നില്‍ തകര്‍ന്നു. ഇനി ജര്‍മ്മന്‍ കോച്ച് റൂഡി വോളര്‍ക്ക് നാടുവിടുകയേ രക്ഷയുള്ളൂ. ജര്‍മ്മന്‍ ആരാധകര്‍ അത്രയ്ക്കേറെ രോഷാകുലരാണ്.
ചെക്കോസ്ലോവാക്യ 2-1ന് ജര്‍മ്മനിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ജര്‍മ്മനി യൂറോകപ്പില്‍ പ്രാഥമികറൗണ്ടില്‍ പുറത്താവുന്നത്.
ഇതോടെ ഗ്രൂപ്പ് ഡിയില്‍ നിന്നും ചെക്കോസ്ലോവാക്യയും നെതര്‍ലാന്റ്സും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജയം മാത്രം ലക്ഷ്യമാക്കിയിറങ്ങിയ ജര്‍മ്മനിയ്ക്ക് നേരിടേണ്ടിവന്നത് താരതമ്യേന ദുര്‍ബലമായ ചെക്ക് ടീമിനെയാണ്. നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയ ചെക്കോസ്ലോവാക്യ ടീമില്‍ ഒമ്പത് മാറ്റങ്ങള്‍ വരുത്തിയാണ് ജര്‍മ്മനിയ്ക്കെതിരെ കളിയ്ക്കാനിറങ്ങിയത്.
21ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി ജര്‍മ്മനി മുന്നിലെത്തിയതായിരുന്നു. മൈക്കേല്‍ ബള്ളാക്ക് ആണ് ജര്‍മ്മനിയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. പക്ഷെ 30ാം മിനിറ്റില്‍ ചെക്കോസ്ലോവാക്യയുടെ മാരെക് ഹെയ്ന്‍സ് ഗോള്‍ മടക്കി.
പിന്നീട് മിലാന്‍ ബാരോസ് ജര്‍മ്മന്‍ ഗോളി ഒളിവര്‍ ഖാനെ നിഷ്പ്രഭനാക്കി വീണ്ടും ഗോള്‍ നേടിയതോടെ ജര്‍മ്മനിയുടെ പോരാട്ടവീര്യം തകര്‍ന്നു. ഇതോടെ ലീഗിലെ മൂന്ന് മത്സരത്തിലും ജയം നേടി ചെക്കോസ്ലോവാക്യ അപൂര്‍വ റെക്കോഡിട്ടു.
ജര്‍മ്മനിയ്ക്ക് മുമ്പ് യൂറോകപ്പില്‍ നിന്നും ഇറ്റലിയും സ്പെയിനും പുറത്തായിരുന്നു. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്കോസ്ലോവാക്യ ഡെന്‍മാര്‍ക്കിനെ നേരിടും.












Click it and Unblock the Notifications