ഫ്രാന്‍സിനെ അട്ടിമറിച്ച് ഗ്രീസ് സെമിയില്‍
ലിസ്ബണ്‍: നിലവിലുള്ള ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഞെട്ടിച്ച് ഗ്രീസ് യൂറോ-2004 ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു.
ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള മോഹവുമായി എത്തിയ ഫ്രാന്‍സിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗ്രീസ് തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ വിജയഗാഥയാണ് ലിസ്ബണിലെ ഗ്രൗണ്ടില്‍ തീര്‍ത്തത്. ഗ്രൂപ്പ് മത്സരങ്ങളില്‍ പോര്‍ച്ചുഗലിനെ അട്ടിമറിക്കുകയും സ്പെയിനിനെ സമനിലയില്‍ കുരുക്കുകയും ചെയ്ത ഗ്രീസ് ക്വാര്‍ട്ടറിലും അട്ടിമറികളുടെ തുടര്‍ക്കഥ ആവര്‍ത്തിക്കുന്നതാണ് കണ്ടത്.
65-ാം മിനുട്ടില്‍ സഗൊറാക്കിസ് നല്‍കിയ ക്രോസ് ഉജ്വലമായ ഹെഡ്ഢറിലൂടെ ഫ്രാന്‍സിന്റെ വലയിലെത്തിച്ച ആഞ്ചലോസ് കരിസ്തിയാസാണ് ഗ്രീസിന് ഐതിഹാസികമായ വിജയം നേടിക്കൊടുത്തത്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്ക്- ഡെന്മാര്‍ക്ക് മത്സരത്തിലെ വിജയികളെയാണ് ഗ്രീസിന് നേരിടേണ്ടത്.
കളിയില്‍ ഒരിക്കലും ചാമ്പ്യന്‍മാരുടെ നിലവാരത്തിലേക്ക് ഉയരാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല. ലോകോത്തര സ്ട്രൈക്കര്‍മാരായ സിനദിന്‍ സിദാന്റെയും തിയറി ഹെന്‍റിയുടെയും നിഴലുകള്‍ മാത്രമാണ് ഗ്രീസിനെതിരായ മത്സരത്തില്‍ കണ്ടത്. അതേ സമയം ഗ്രീസ് ഒന്നാന്തരം പ്രതിരോധത്തിലൂടെയും മികച്ച ചില മുന്നേറ്റങ്ങളിലൂടെയും കറുത്ത കുതിരകളുടെ കളി പുറത്തെടുത്തു.
രണ്ടാം പകുതിയില്‍ കുറെ കൂടി ആക്രമോത്സുകത കാട്ടിയെങ്കിലും ഫിനിഷിംഗില്‍ ഫ്രാന്‍സ് സമ്പൂര്‍ണമായ പരാജയമായിരുന്നു. ലോകോത്തര സ്ടൈക്കര്‍മാരുള്ള ഒരു ടീം പന്ത് വലയിലെത്തിക്കാനുള്ള നീക്കങ്ങളില്‍ തീര്‍ത്തും ഭാവനാദരിദ്രമായി പെരുമാറുന്നതാണ് ലിസ്ബണില്‍ കണ്ടത്. കളിയിലെ നിലവാരമില്ലായ്മ തന്നെയാണ് ഫ്രാന്‍സിന്റെ തോല്‍വിക്ക് കാരണമായത്.












Click it and Unblock the Notifications