മുതിരുന്തോറും ശൈലിയും മാറും: സച്ചിന്
ചെന്നൈ: അപകടകരമായ ഷോട്ടുകള്‍ പായിക്കാത്തതിന് തന്നെ വിമര്‍ശിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സച്ചിന്. ജൂലായ് ആറ് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സച്ചിന് ടെണ്ടുല്‍ക്കര്‍.
മുതിരുന്തോറും ഏത് കളിക്കാരന്റേയും ബാറ്റിംഗ് ശൈലി മാറും. അപകടകരമായ ഷോട്ടുകള്‍ അടിയ്ക്കുന്നത് നിര്‍ത്തിയതിനെ 15 വര്‍ഷമായുള്ള തന്റെ സ്വാഭാവിക വളര്ച്ചായായാണ് കാണേണ്ടത്. എങ്കിലും എന്റെ ബാറ്റിംഗിന് വേഗം കുറഞ്ഞു എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. ഇപ്പോഴും റണ്‍ റേറ്റില്‍ താന്‍ മോശക്കാരനല്ല. ഒരു ടീമില്‍ 11 കളിക്കാരുണ്ട്. ഓരോ കളിക്കാരനും ഓരോ റോളുകളുമുണ്ട്. - സച്ചിന് ചൂണ്ടിക്കാട്ടുന്നു.
ടീമില്‍ സീനിയര്‍ ആവുന്തോറും നിങ്ങളുടെ ശൈലിയും മാറും. ഞാന്‍ അല്പം തണുത്തുവെന്ന് കാഴ്ചക്കാര്‍ ചിന്തിച്ചേയ്ക്കാം. പക്ഷെ റണ്‍ എടുക്കുന്നതിന് പുതിയ വഴികള്‍ ഉണ്ട്. എന്റെ റണ്‍ റേറ്റ് നോക്കിയാല്‍ റണ്‍വേട്ടയുടെ കാര്യത്തില്‍ സാവധാനത്തിലായോ അതോ വേഗത്തിലായോ എന്ന് മനസ്സിലാവും. - സച്ചിന് പറഞ്ഞു.
ഏതാനും വര്‍ഷം മുമ്പത്തേതുപോലയുെള്ള റോളല്ല ഇപ്പോള്‍ എന്റേത്. ഇപ്പോള്‍ ടീമിന്റെ ആകെയുള്ള പ്രകടനത്തിലാണ് ഞാന്‍ ശ്രദ്ധിയ്ക്കുന്നത്. ടീം വിജയിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ എന്റെ പങ്ക് നിര്വഹിച്ചിട്ടുണ്ടായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങളില്‍ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മികച്ചതാണ്. - ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെടുന്നു.