ശ്രീലങ്കയെ തോല്പിച്ചാല്‍ ഫൈനലില്‍ കടക്കാം
കൊളംബോ: പാകിസ്ഥാനോട് 59 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏഷ്യാകപ്പ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷ ബാക്കി. പാകിസ്ഥാന്റെ 300 എന്ന സ്കോറിനെതിരെ 241 റണ്‍സ് നേടിയതിനാല്‍ ഒരു ബോണസ് പോയിന്റ് കൂടി ലഭിച്ചതാണ് ഇന്ത്യയുടെ പ്രതീക്ഷകളെ നിലനിര്‍ത്തുന്നത്.
ഏഴ് പോയിന്റ് നേടിയ ഇന്ത്യയ്ക്ക് ജൂലൈ 27 ചൊവാഴ്ചത്തെ മത്സരത്തില്‍ ശ്രീലങ്കയെ തോല്പിച്ചാല്‍ ഫൈനലില്‍ കടക്കാം. പാകിസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്യും.
ഇന്നലെ ഇന്ത്യയുടെ ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഒരുപോലെ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഇന്ത്യന്‍ പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ അടിച്ചകറ്റിയ പാകിസ്ഥാന്‍ 300 റണ്‍സ് നേടി. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാന് വേണ്ടി ഷൊഹെയ്ബ് മാലിക് 143 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പിഴച്ചു. ഒരു റണ്‍സെടുത്ത സെവാഗിനെ ഷബീറിന്റെ പന്തില്‍ മോയിന്‍ഖാന്‍ ക്യാച്ചെടുത്തു. തുടര്‍ന്ന് വന്ന ഗാംഗുലി 39 റണ്‍സെടുത്ത് പുറത്തായി. ദ്രാവിഡിന് തീരെ ശോഭിയ്ക്കാന്‍ കഴിഞ്ഞില്ല. വെറും അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേയ്ക്കും ദ്രാവിഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു. പിന്നീട് വന്ന യുവരാജ് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പുറത്തായി. കൈഫ് മൂന്ന് റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ അസ്തമിച്ചു.
പിന്നെയും അല്പം വിജയപ്രതീക്ഷ ബാക്കിയാക്കി മറുതലയ്ക്കല്‍ ടെണ്ടുല്‍ക്കര്‍ പിടിച്ചുനില്ക്കുന്നുണ്ടായിരുന്നു. ഇര്‍ഫാന്‍ പത്താനും ടെണ്ടുല്‍ക്കറും കൂടി ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി. പിന്നീട് മാലികിന്റെ പന്തില്‍ നസീര്‍ ക്യാച്ചെടുക്കുമ്പോള്‍ ടെണ്ടുല്‍ക്കറുടെ സ്കോര്‍ 78. പത്താന്‍ 38 റണ്‍സെടുത്തു. 241 റണ്‍സിന് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.












Click it and Unblock the Notifications