അഞ്ജു അഞ്ചാമത്
ദില്ലി: സ്റോക്ഹോമില്‍ നടന്ന ഡിഎന്‍ ഗാലന്‍ ഐഎഎഎഫ് സൂപ്പര്‍ ഗ്രാന്റ്പ്രിക്സ് മീറ്റില്‍ ഇന്ത്യയുടെ അഞ്ജു ബോബി ജോര്‍ജ്ജ് ലോംഗ് ജമ്പില്‍ അഞ്ചാംസ്ഥാനത്തെത്തി. 6.60 മീറ്റര്‍ ചാടിയാണ് അഞ്ജു അഞ്ചാം സ്ഥാനം നേടിയത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു.
ഇതേ മീറ്റില്‍ 6.49 മീറ്റര്‍ ചാടി അഞ്ജു കഴിഞ്ഞ തവണ വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ 6.59 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയ കരോലിന ക്ലഫ്റ്റ് ഇക്കുറിയും സ്വര്‍ണ്ണം നിലനിര്‍ത്തി. കരോലിന ക്ലഫ്റ്റ് 6.85 മീറ്റര്‍ ചാടി.
അഞ്ജുവിന്റെ ഒരു ചാട്ടം മാത്രമാണ് പിഴച്ചത്. മറ്റ് നാല് തവണയും അഞ്ജു ശരാശരി പ്രകടനം കാഴ്ചവച്ചു. 6.48, 6.60, 6.39, 6.45, 6.22 എന്നിവയായിരുന്നു അഞ്ജുവിന്റെ ദൂരങ്ങള്‍.
ഒളിമ്പിക്സിന് ഇനി 17 ദിവസം കൂടിയേ ബാക്കിയുള്ളൂ. ആതന്‍സില്‍ എത്തുന്നതിന് മുമ്പ് അഞ്ജു ഒരു മീറ്റില്‍ കൂടി പങ്കെടുക്കും. ബ്രസ്സല്‍സിലാണ് ഈ മീറ്റ്.


Click it and Unblock the Notifications