അഞ്ജു ഇന്ത്യന്‍ പതാകയേന്തും
ദില്ലി: മലയാളിയായ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ആതന്‍സിലെ ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തും.
ഈ ബഹുമതി അഞ്ജുവിന് ഒരു മെഡലുമായി തിരിച്ചുവരുന്നതിനുള്ള പ്രചോദനവും പ്രോത്സാഹനവുമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി പറഞ്ഞു.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജുവാണ് അത്ലറ്റിക്സ് രംഗത്ത് ആദ്യമായി ഇന്ത്യക്ക് ലോകനിലവാരമുള്ള മെഡല്‍ നേടിത്തന്നത്. ആതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് അഞ്ജു.
വിവിധ ഫെഡറേഷനുകളുമായി ആലോചിച്ചതിന് ശേഷമാണ് അഞ്ജുവിന്റൈ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തതെന്ന് കല്‍മാഡി പറഞ്ഞു.
2000ലെ സിഡ്നി ഒളിമ്പിക്സില്‍ ഇന്ത്യക്ക് വെങ്കലം നേടിത്തന്ന കര്‍ണം മല്ലേശ്വരിയുടെ പേരും പതാകയേന്തുന്നതിനായി പരിഗണിക്കപ്പെട്ടിരുന്നു. 1996ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സാണ് സിഡ്നി ഒളിമ്പിക്സില്‍ പതാകയേന്തിയിരുന്നത്.
ഷൂട്ടര്‍ അഞ്ജലി ഭാഗവത് , ഇന്ത്യന്‍സംഘത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഹോക്കി താരം ധന്‍രാജ് പിള്ള എന്നിവരാണ് മാഞ്ചസ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയുടെ പതാകയേന്തിയത്. ഇവരുടെ പേരുകളും ഒളിമ്പിക്സില്‍ പതാകയേന്തുന്നതിന് പരിഗണിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ സംഘത്തില്‍ 75 അത്ലറ്റുകളും 30 പരിശീലകരും ആറ് ഡോക്ടര്‍മാരുമുണ്ടായിരുക്കുമെന്ന് കല്‍മാഡി അറിയിച്ചു.












Click it and Unblock the Notifications