ആനന്ദിന് മെയ്ന്‍സ് ചെസ് കിരീടം
മെയ്ന്‍സ്: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മെയ്ന്‍സ് ചെസ് കിരീടം നേടി. എട്ട് റൗണ്ടുള്ള മത്സരത്തില്‍ ഏഴാം റൗണ്ടായപ്പോഴേയ്ക്കും ആനന്ദ് കിരീടം സ്വന്തമാക്കി. സ്പെയിനിന്റെ ഗ്രാന്റ് മാസ്ററായ അലക്സി ഷിറോവിനെതിരെ നാലരപോയിന്റ് നേടിയതോടെ ആനന്ദിനെ ജേതാവായി പ്രഖ്യാപിയ്ക്കുകയായിരുന്നു. ആനന്ദിനെതിരെ ഷിറോവിന് രണ്ടര പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ഏഴാം റൗണ്ടില്‍ വെറും 27 നീക്കങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മത്സരം സമനിലയിലായി. മുന്‍ റൗണ്ടുകളില്‍ അലക്സി ഷിറോവിനെതിരെ രണ്ട് വിജയം നേടിയതോടെയാണ് ആനന്ദ് കിരീടത്തിലേക്ക് കുതിച്ചെത്തിയത്. ഇരുവരും ആകെ ഏഴ് റൗണ്ട് കളിച്ചതില്‍ രണ്ട് മത്സരങ്ങളില്‍ ആനന്ദ് ജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയിലായി.
ഈ വര്‍ഷത്തെ പ്രധാന ചെസ് കിരീടങ്ങളില്‍ മൂന്നെണ്ണം ഇതോടെ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് സ്വന്തമായി. കഴിഞ്ഞ മാസമാണ് അദ്ദേഹം ഡോര്‍ട്ട് മുണ്ട് ചെസ് കിരീടം നേടിയത്. 2004 ജനവരിയില്‍ വിക് ആന്‍ സീയില്‍ കോറസ് ഗ്രാന്റ് മാസ്റേഴ്സ് കിരീടവും ആനന്ദ് നേടിയിരുന്നു.












Click it and Unblock the Notifications