ഒളിമ്പിക്സില്‍ ഇന്ത്യക്ക് വെള്ളി
ആതന്‍സ്: ഒളിമ്പിക്സില്‍ ഇന്ത്യയുടെ രാജ്യവര്‍ധന്‍സിംഗ് റാത്തോര്‍ ഡബിള്‍ ട്രാപ് ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേടി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിമെഡല്‍ നേടുന്നത് ആദ്യമായാണ്.
ഒളിമ്പിക്സില്‍ ഇന്ത്യയുടെ നാലാമത്തെ വ്യക്തിഗത മെഡലാണ് രാജ്യവര്‍ധന്‍സിംഗ് റാത്തോര്‍ നേടിയത്. ഇതിന് മുമ്പ് കെ. ഡി. യാദവ് (ഗുസ്തി-1952), ലിയാണ്ടര്‍ പെയ്സ് (ടെന്നിസ്-1996), കര്‍ണം മല്ലേശ്വരി (ഭാരദ്വോഹനം-2000) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സില്‍ വ്യക്തിഗതമെഡലുകള്‍ നേടിയത്. മൂന്ന് പേരും വെങ്കലമായിരുന്നു നേടിയത്.
179 പോയിന്റോടെയാണ് രാജ്യവര്‍ധന്‍സിംഗ് റാത്തോര്‍ വെള്ളി നേടിയത്. യുഎഇയുടെ അഹമ്മദ് അല്‍ മക്ടൂമാണ് സ്വര്‍ണം നേടിയത്- 189 പോയിന്റ്. ചൈനയുടെ വാങ് ഷാംഗ് (178) വെങ്കലം നേടി.
യോഗ്യതാറൗണ്ടില്‍ അഞ്ചാമതായിരുന്ന റാത്തോര്‍ ഫൈനല്‍ റൗണ്ടില്‍ 50ല്‍ 44 പോയിന്റും നേടിയാണ് ചരിത്രനേട്ടം കൊയ്തത്. മലയാളിയായ സണ്ണിതോമസാണ് റാത്തോഡിന്റെ പരിശീലകന്‍.












Click it and Unblock the Notifications