അഞ്ജു ആറാമത്
ആതന്‍സ്: അത്ലറ്റിക്സില്‍ ഒരു മെഡല്‍ എന്ന ഇന്ത്യയുടെ സ്വപ്നം ഇനിയും ബാക്കി. അഞ്ജു ബോബി ജോര്‍ജ്ജിനും അതിനായില്ല. ദേശീയറെക്കോഡ് തിരുത്തിക്കൊണ്ടുള്ള അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ചെങ്കിലും അഞ്ജുവിന് ആറാം സ്ഥാനമേ ലഭിച്ചുള്ളൂ.
റഷ്യന്‍ താരങ്ങളാണ് ലോംഗ്ജമ്പില്‍ തൂത്തുവാരിയത്. 7.07 മീറ്റര്‍ ചാടിയ തത്യാന ലെബെഡേവ സ്വര്‍ണ്ണം നേടി. 7.05 മീറ്റര്‍ വീതം ചാടിയ ഐറിന സിമഗിന(റഷ്യ)യും തത്യാന കൊടോവ(റഷ്യ)യും യഥാക്രമം വെള്ളിയും വെങ്കലവും നേടി. തുല്ല്യദൂരമായിരുന്നെങ്കിലും കാറ്റിന്റെ ആനുകൂല്യം കുറച്ചുമാത്രമുണ്ടായിരുന്നതിനാല്‍ സിമഗിനയ്ക്ക് വെള്ളി നല്കി.
അഞ്ജു ആദ്യ ചാട്ടത്തില്‍ തന്നെ 6.83 മീറ്റര്‍ ദൂരത്തെത്തി. ഇത് ഇന്ത്യയുടെ ദേശീയ റെക്കോഡാണ്. അഞ്ജു തന്നെ തിരുവനന്തപുരത്ത് സ്ഥാപിച്ച 6.74 മീറ്ററായിരുന്നു ഇതുവരെ ദേശീയ റെക്കോഡ്. അഞ്ജു പാരീസില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയത് 6.70 മീറ്റര്‍ ചാടിക്കൊണ്ടാണ്. അതിനേക്കാള്‍ 13 സെന്റീമീറ്റര്‍ അധികം ദൂരത്തിലെത്തിയെങ്കിലും ഒരു ഒളിമ്പിക് മെഡല്‍ നേടാന്‍ ഈ ദൂരം പോരായിരുന്നു. അടുത്ത നാല് ചാട്ടങ്ങളില്‍ അഞ്ജുവിന് ഈ ദൂരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല.
യുഎസിന്റെ മരിയന്‍ ജോണ്‍സ് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്‍തള്ളപ്പെട്ടു. മരിയന്‍ ജോണ്‍സ് 6.85 മീറ്റര്‍ ചാടി.












Click it and Unblock the Notifications