ചെസ്: ഇന്ത്യ തിരിച്ചുവരുന്നു
മല്ലോര്‍ക: തിരിച്ചടികളില്‍ നിന്നുണര്‍ന്ന ഇന്ത്യന്‍ ടീം ചെസ് ഒളിമ്പ്യാഡില്‍ വീണ്ടും മുന്നേറുന്നു. കഴിഞ്ഞ ദിവസം സ്പെയിനിനെ തോല്പിച്ച ഇന്ത്യന്‍ പുരുഷവിഭാഗം മൂന്നാം സ്ഥാനത്ത് എത്തി. ഫ്രാന്‍സിനെ തോല്പിച്ച ഇന്ത്യന്‍ വനിതാവിഭാഗം അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
ഗ്രാന്‍ഡ് മാസ്റര്‍ പി. ഹരികൃഷ്ണയുടെ വിജയമാണ് സ്പെയിനിനെതിരെ വിജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത്. ഗ്രാന്‍ഡ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദ് സ്പെയിനിന്റെ അലക്സി ഷിറോവിനെ സമനിലയില്‍ തളച്ചു. ശശികിരണും സൂര്യശേഖര്‍ ഗാംഗുലിയും സ്പെയിനിനെതിരെ സമനില നേടി.
ഉക്രെയ്നാണ് പുരുഷവിഭാഗത്തില്‍ മുന്നില്‍. എസ്. വിജയലക്ഷ്മിയുടെ വിജയമാണ് ഫ്രാന്‍സിനെതിരായ ഇന്ത്യയുടെ വനിതാവിഭാഗത്തിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്നത്. വിജയലക്ഷ്മി മാരി സെബാഗിനെ തോല്പിച്ചു. കൊനേരു ഹമ്പി, നിഷ മൊഹോത എന്നിവര്‍ സമനില നേടി.












Click it and Unblock the Notifications