പാകിസ്ഥാന് ഉജ്വല വിജയം
ബാംഗ്ലൂര്‍: ഒരു ഘട്ടത്തില്‍ സമനിലയിലേക്ക് നീങ്ങുകയാണെന്ന പ്രതീതി ജനിപ്പിച്ച ബാംഗ്ലൂര്‍ ടെസ്റിന് അഞ്ചാം ദിവസം ആവേശകരമായ അന്ത്യം. 90-ാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ പത്താമത്തെ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്‍ മൂന്നാം ടെസ്റില്‍ വിജയം കൈപ്പിടിയിലൊതുക്കി. 168 റണ്‍സിനാണ് അവര്‍ വിജയിച്ചത്.
ജയിക്കാന്‍ 383 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെയാണ് പാകിസ്ഥാന്‍ വിജയത്തിലേക്ക് നീങ്ങിയത്. അവസാനത്തെ ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കനേരിയ എറിഞ്ഞ 90-ാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ ബാലാജി പുറത്തായതോടെ പാകിസ്ഥാന്‍ ഉജ്വലമായ വിജയത്തിന്റെ ലഹരിയില്‍ മുങ്ങി.
ഇതോടെ മൂന്ന് ടെസ്റുകളുള്ള പരമ്പര 1-1 സമനിലയിലായി. പാകിസ്ഥാനു വേണ്ടി ഷാഹിദ് അഫ്രിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വിക്കറ്റുകള്‍ കൊഴിയുന്നു; ഇന്ത്യ തകരുന്നു
2.15 പിഎം
ബാംഗ്ലൂര്‍: റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ കൊഴിയുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റിന് 136 എന്ന നിലയില്‍ പതറുകയാണ് ഇന്ത്യ.
സെവാഗിന്റെയും (38) ദ്രാവിഡിന്റെയും (16) ഗംഭീറിന്റെയും (52) ലക്ഷ്മണിന്റെയും (അഞ്ച്) ഗാംഗുലിയുടെയും (രണ്ട്) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യവിക്കറ്റ് കൂട്ടുകെട്ടില്‍ സെവാഗും ഗംഭീറും നന്നായി ബാറ്റ് വീശിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ കൊഴിയുന്നതാണ് കണ്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കറും ദിനേശ് കാര്‍ത്തികുമാണ് ക്രീസില്‍.
സെവാഗ് പുറത്തായി
സമയം 11.50 എഎം
ബാംഗ്ലൂര്‍: 383 റണ്‍സിന്റെ വിജയലക്ഷ്യവുമായി പൊരുതുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ ആദ്യവിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ സ്കോര്‍ 87 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് 38 റണ്‍സെടുത്ത സെവാഗ് പുറത്തായത്.
സെവാഗ് റണ്ണൗട്ടാവുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അര്‍ധസെഞ്ച്വറി തികച്ച ഓപ്പണര്‍ ഗൗതം ഗംഭീറിനോടൊപ്പം രാഹുല്‍ ദ്രാവിഡാണ് ക്രീസില്‍. ഒന്നിന് 95 എന്ന നിലയിലാണ് ഇന്ത്യ.












Click it and Unblock the Notifications