ഇന്ത്യ 58 റണ്‍സിന് ജയിച്ചു
വിശാഖപട്ടണം: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനമത്സരത്തിലും ഇന്ത്യക്ക് ജയം. 58 റണ്‍സിനാണ് പാകിസ്ഥാനെ ഇന്ത്യ തോല്പിച്ചത്. ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0ന് മുന്നിലായി.
357 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 298 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. 44.1 ഓവറാവുമ്പോഴേക്കും പാകിസ്ഥാന്റെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി.
ജയിക്കാന്‍ ഒരു ഓവറില്‍ ഏഴിലേറെ റണ്‍സെടുക്കേണ്ടിയിരുന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരെ ശക്തമായി തിരിച്ചടിച്ചെങ്കിലും വിക്കറ്റുകള്‍ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അബ്ദുള്‍ റസാക്കും (88) യൂസഫ് യുഹാനയും (56 പന്തില്‍ നിന്ന് 71) അക്മലും (28 പന്തില്‍ നിന്ന് 41) ഗംഭീരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യയുടെ ഭീമമായ സ്കോറിന് അടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഇന്ത്യക്കു വേണ്ടി ആശിഷ്നെഹ്റ നാലും യുവരാജ് സിംഗ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. സഹീര്‍ഖാനും ഹര്‍ഭജനും ഓരോ വിക്കറ്റെടുത്തു.
പാകിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം
ഏപ്രില്‍ 05, 2005
വിശാഖപട്ടണം: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യക്ക് ഭീമന്‍ സ്കോര്‍. ആദ്യമത്സരത്തില്‍ തോറ്റ പാകിസ്ഥാന് ഈ കളിയില്‍ ജയിക്കാന്‍ 357 റണ്‍സ് വേണം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 356 റണ്‍സെടുത്തത്. ബാറ്റിംഗ് നിരയില്‍ മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ എം. എസ്. ധോണിയുടെയും ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെയും ഉജ്വലമായ ബാറ്റിംഗാണ് ഇന്ത്യയെ ഭീമന്‍ സ്കോറിലേക്ക് നയിച്ചത്. 40 പന്തുകളില്‍ നിന്ന് 74 റണ്‍സെടുത്ത് ഇന്ത്യന്‍ സ്കോറിംഗ് അതിവേഗം മുന്നോട്ടുനയിച്ച സെവാഗിന് പിന്നാലെ ധോണിയും പാക് ബൗളര്‍മാരെ അടിച്ചുതകര്‍ത്തതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
ഏകദിനത്തിലെ ആദ്യത്തെ സെഞ്ച്വറി തികച്ച ധോണി 123 പന്തുകളില്‍ നിന്ന് 148 റണ്‍സാണെടുത്തത്. 59 പന്തുകളില്‍ നിന്നും 52 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് ധോണിക്ക് മികച്ച പിന്തുണ നല്‍കി.
രണ്ട് റണ്‍സെടുക്കുമ്പോഴേക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായെങ്കിലും തുടര്‍ന്ന് ക്രീസിലെത്തിയ ധോണി സെവാഗുമായി ചേര്‍ന്ന് വെടിക്കെട്ട് പ്രകടനം നടത്തുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സെടുത്തു.
സെവാഗ് പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഗാംഗുലി (9) പതിവു പോലെ പെട്ടെന്ന് പുറത്തായെങ്കിലും പിന്നീട് ദ്രാവിഡും ധോണിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തു. ഇരുവരും ചേര്‍ന്ന് 149 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തത്.
അവസാനഓവറുകളില്‍ വാലറ്റക്കാര്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ ഭീമന്‍ സ്കോര്‍ തികയ്ക്കുകയായിരുന്നു.












Click it and Unblock the Notifications