ഇന്ത്യ-സിംബാബ്വെ ആദ്യ ടെസ്റ്റ് ഇന്ന്
ബുലവായോ: സിംബാബ്വേയ്ക്കെതിരായ രണ്ട് ടെസ്റുകളടങ്ങുന്ന ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ് ബുലവായോയില്‍ സപ്തംബര്‍ 13 ചൊവാഴ്ച തുടങ്ങും.
ഇന്ത്യക്ക് വിജയം എളുപ്പമാവുമെന്നാണ് പൊതുവെ ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്തിടെ സിംബാബ്വെയില് പര്യടനം നടത്തിയ ന്യൂസിലാന്റ് ഉള്‍പ്പെടെയുള്ള ടീമുകള്‍ വിജയങ്ങളോടെയാണ് മടങ്ങിയത്. സിംബാബ്വെ ടീമിന്റെ ദുര്‍ബലമായ ഫോം കണക്കിലെടുത്താല്‍ സാഹചര്യങ്ങള്‍ പൊതുവെ ഇന്ത്യക്ക് അനുകൂലമാണ്.
ഇന്ത്യയുടെ ബാറ്റ്സ്മാന്മാരെല്ലാം ഫോമിലാണ്. എന്നാല്‍ ബൗളര്‍മാര്‍ എത്ര കണ്ട് തിളങ്ങും കണ്ടറിയേണ്ടിയിരിക്കുന്നു. ഏകദിന പരമ്പരയില്‍ മങ്ങിപ്പോയ ഇര്ഫാന് പഠാന് ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ക്ക് മികവ് തിരിച്ചുപിടിക്കേണ്ടതുണ്ട്. മൂന്ന് മീഡിയം പേസര്‍മാരേയും ഒരു സ്പിന്നറെയും പരീക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. അനില്‍ കുംബ്ലെയോ ഹര്‍ഭജനോ ആയിരിക്കും സ്പിന്നറായെത്തുന്നത്.
ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ബൗളിംഗ് നിരയാണ് സിംബാബ്വെയ്ക്കുള്ളത് എന്നത് വന്‍സ്കോര്‍ പടുത്തുയര്‍ത്താമെന്ന മോഹം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് നല്കുന്നു. സിംബാബ്വെയില് ഇതുവരെ ഒരു ടെസ്റ് പരമ്പര നേടിയിട്ടില്ലാത്ത ഇന്ത്യന്‍ ടീം സിംബാബ്വെയുടെ മണ്ണില്‍ ചരിത്രം കുറിക്കുമെന്ന വാശിയിലാണ്.