പരമ്പരയില്‍ ഇന്ത്യക്ക് അഞ്ചാം ജയം
രാജ്കോട്ട്: ശ്രീലങ്കന്‍ ബാറ്റിഗ്നിരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരിക്കല്‍ കൂടി ആധിപത്യം പുലര്‍ത്തുന്നതു കണ്ട മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം.
ഏഴ് കളികളുള്ള പരമ്പരയിലെ ഇന്ത്യയുടെ അഞ്ചാമത്തെ ജയമാണിത്. പരമ്പരയിലെ ഇന്ത്യയുടെ ലീഡ് 5-1 എന്ന നിലയിലായി.
ജയിക്കാന്‍ 197 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 34.5 ഓവറാവുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പരമ്പരയിലാദ്യമായി ഫോം കണ്ടെത്തിയ യുവരാജ്സിംഗാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. മൂന്നിന് 92 എന്ന നിലയില്‍ നിന്നാണ് യുവരാജ് സിംഗും മുഹമ്മദ് കെയ്ഫും ചേര്‍ന്നുള്ള അഭേദ്യമായ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. 67 പന്തില്‍ നിന്നും 79 റണ്‍സ് നേടിയ യുവരാജിന് 38 റണ്‍സെടുത്ത കെയ്ഫ് മികച്ച പിന്തുണ നല്‍കി.
ഗൗതം ഗംഭീര്‍ (28), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (19), വീരേന്ദര്‍ സെവാഗ് (22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഗൗതം ഗംഭീറും സച്ചിനും ചേര്‍ന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
ഏഴാമത്തെ ഏകദിനം നവംബര്‍ 12ന് ബറോഡയില്‍ നടക്കും.
ആറാം ഏകദിനത്തില്‍ ശ്രീലങ്ക 196ന് പുറത്ത്
രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ ആറാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 42.5 ഓവറില്‍ 196 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗ് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദില്‍ഷനും (59) ഉപത്ചന്ദനെയും (30) മാത്രമാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. ഓപ്പണറായെത്തിയ തരംഗെ 28 റണ്‍സെടുത്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.പി.സിംഗാണ് ശ്രീലങ്കയുടെ കഥ കഴിച്ചത്. മുരളി കാര്‍ത്തിക് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇര്‍ഫാന്‍ പഠാനും ശ്രീശാന്തും ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications