ഇന്ത്യക്ക് 51 റണ്‍സ് ജയം; കപ്പ് പങ്കുവച്ചു
അബുദാബി: ഡിഎല്‍എഫ് കപ്പ് രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിന് പാകിസ്ഥാനെ തോല്പിച്ച് ഇന്ത്യ പകരം വീട്ടി. കപ്പ് ഇരുടീമുകളും പങ്കുവച്ചു.
92 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡാണ് മാന്‍ ഒഫ് ദി മാച്ച്. രണ്ട് കളികളിലും മികച്ച ബാറ്റിംഗ് കാഴ്ച വച്ച പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് മാന്‍ ഒഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 269 റണ്‍സെടുത്തപ്പോള്‍ വിജയം നേടാന്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്യുന്നതിനിടയില്‍ പാകിസ്ഥാന് വിക്കറ്റുകള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു. 45.2 ഓവറില്‍ 218 റണ്‍സിന് പാകിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുകയും ചെയ്തു.
രാഹുല്‍ ദ്രാവിഡിനൊപ്പം ഫോം വീണ്ടെടുത്ത വീരേന്ദര്‍ സെവാഗ് (73) പടുത്ത ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ധോണി 59 റണ്‍സെടുത്തു. യുവരാജ്സിംഗ് 10 പന്തില്‍ നിന്ന് 24 റണ്‍സ് നേടി.
പാകിസ്ഥാന്‍ നിരയില്‍ ഇന്‍സാം ഉള്‍ ഹഖ് (79) മാത്രമാണ് ചെറുത്തുനില്പ് നടത്തിയത്. ഇര്‍ഫാന്‍ പഠാനും രമേഷ് പൊവാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications