ആദിവാസി ഭൂമി: ക്ഷേമ സമിതിക്ക് രാഷ്ട്രീയനേട്ടം
കല്‍പ്പറ്റ: സമരത്തിന്റെ ഭാഗമായി ഭൂമി കൈയേറിയ ആദിവാസികളില്‍ അര്‍ഹരായവര്‍ക്ക് കൈവശാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സിപിഎമ്മിന്റെ ആദിവാസി സംഘടനയായ ആദിവാസി ക്ഷേമ സമിതിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കിയേക്കും.
ആദിവാസി ക്ഷേമസമിതിയിടെ കീഴില്‍ ഭൂമികയ്യേറിയവര്‍ക്കായിരിക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആദ്യം നല്‍കുന്നത് . ഇവരുടെ കീഴില്‍ മൊത്തം 2,000ആദിവാസികുടുംബങ്ങളാണ് 2003ല്‍ വയനാട് ജില്ലയിലെ ആയിരത്തോളം ഏക്കര്‍ വരുന്ന വനഭൂമി കയ്യേറിയത്. ഇതിനുശേഷമാണ് വളരെക്കുറച്ച് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ആദിവാസി ക്ഷേമസമിതി ജില്ലയിലെ ആദിവാസി അധിവാസപ്രദേശത്തെ പ്രബല സംഘടനയായി മാറിയത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കടന്നുകയറ്റം ചെറുക്കാന്‍ രണ്ടുതവണ ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ രണ്ടും സിപിഎമ്മിന്റെ ഇടപെടല്‍ മൂലം ലക്ഷ്യം കണ്ടില്ല.
ഇപ്പോള്‍ അധികാരത്തിലേറിയ ഉടന്‍തന്നെ ആദിവാസികള്‍ക്കു ഭൂമി പതിച്ചുനല്‍കാനുള്ള നടപടിയെടുക്കുക വഴി കേരളത്തിലെ ആദിവാസി സമൂഹത്തോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത എല്‍ഡിഎഫ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാനനേതാവ് സി കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പുതിയ സര്‍ക്കാറിന്റെ സഹായത്തോടെ ആദിവാസികളുടെ ജീവിതസാഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമായ വടക്കേ വയനാട്ടില്‍നിന്നും ആദിവാസി ക്ഷേമസമിതി നേതാവ് കെ.കുഞ്ഞുരാമനാണ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയിരിക്കുന്നത്. ഇവിടെ മത്സരിച്ച ആദിവാസി ഗോത്രമഹാസഭാ നേതാവ് സി. കെ ജാനുവിന് 2384 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.












Click it and Unblock the Notifications