മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം തുടങ്ങി
മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതി യോഗം മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ തുടങ്ങി.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം, പാര്‍ട്ടിയ്ക്കകത്തെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കാനിടയുണ്ട്.
താല്കാലികമായി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ആ സ്ഥാനത്തു സ്ഥിരപ്പെടുത്തുന്ന കാര്യം യോഗത്തില്‍ തീരുമാനമായേക്കും. തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് അഹമ്മദിനെ താല്കാലികമായി നിയമിച്ചത്.
അഹമ്മദിനു തന്നെയാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിന്റെ നിയന്ത്രണ ചുമതലയും. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനങ്ങളൊന്നും തന്നെയേല്‍പ്പിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി പ്രസിഡന്റിനു നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തോടെ താല്കാലിക ജനറല്‍ സെക്രട്ടറിയായി നിയമിതനായ കുഞ്ഞാലിക്കുട്ടിയെ പിന്നീട് ആ സ്ഥാനത്ത് സ്ഥിരപ്പെടുത്തുകയായിരുന്നു.
കേന്ദ്രമന്ത്രിയെന്ന നിലയില്‍എത്ര തിരക്കുണ്ടെങ്കിലും ശിഹാബ് തങ്ങള്‍ ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ സമയം കണ്ടെത്തുമെന്നാണ് അഹമ്മദ് അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്കകത്ത് പ്രശ്നങ്ങല്‍ നിലനില്‍ക്കുന്നതിനാല്‍ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും രണ്ടു ദിവസത്തെ യോഗം വേദിയായേക്കും.
കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് യോഗം ആരംഭിച്ചത്. പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ , പാര്‍ട്ടിയുടെ ആള്‍ ഇന്ത്യാ പസിഡന്റ് ജി. എം ബനാത്വാല, കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രിമാരായ എം. കെ മുനീര്‍, ഇ. ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ചകളിലെല്ലാം കടുത്ത അഭിപ്രായവ്യത്യസങ്ങളുണ്ടാകാനിടയുള്ളതുകൊണ്ടുതന്നെ യോഗം നടക്കുന്നിടത്തുനിന്നും മാധ്യമങ്ങളെ അകറ്റിനിര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.












Click it and Unblock the Notifications