മാനേജ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ്: ചര്‍ച്ച തുടരാമെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുകകയെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് മാനേജ്മെന്റുകളുമായി ചര്‍ച്ച തുടരാന്‍ ഇടതുമുന്നണി നേതൃയോഗം സര്‍ക്കാറിന് അനുവാദം നല്‍കി.
ന്യൂനപക്ഷ പദവി സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആശങ്ക തീര്‍ക്കാനുള്ള ചര്‍ച്ചകളും ഇതോടൊപ്പം തുടരും. സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടായത്. പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫുമായി ബന്ധപ്പെട്ട വിവാദം യോഗം ചര്‍ച്ചചെയ്തിട്ടില്ല.
സര്‍ക്കാര്‍ പ്രവേശനം നല്‍കിയ 63ശതമാനത്തില്‍ സര്‍ക്കാര്‍ ക്വാട്ടയായ 50സീറ്റൊഴിച്ചുള്ള 13ശത്മാനം സീറ്റിലും സര്‍ക്കാര്‍ ഫീസ് തന്നെ ഉറപ്പുവരുത്താന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ചര്‍ച്ചയില്‍ പങ്കെടുത്തത്.
സ്വാശ്രയ നിയമപ്രകാരം സമൂഹത്തിലെ മുന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ചെയ്തതാണ് ഈ സീറ്റുകള്‍. മാനേജ്മെന്റുകളോട് ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ അവശേഷിക്കുന്ന സീറ്റുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള അനുവാദം നല്‍കേണ്ടിവരും. ഇങ്ങനെ ഒരു ധാരണ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബേബി പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ മാത്യു ടി തോമസ്, ബിനോയ് വിശ്വം എന്നിവര്‍ ക്രിസ്ത്യന്‍-മുസ്ലിം മാനേജ്മെന്റുകള്‍ മതമേധാവികള്‍ എന്നിവരുമായി ചര്‍ച്ച തുടരുകയാണ്. ന്യൂനപക്ഷ പദവി സംബന്ധിച്ച ആശങ്ക എങ്ങനെ ദൂരീകരിക്കണമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങളുണ്ടായിട്ടില്ല. ന്യൂനപക്ഷ പദവി സംബന്ധിച്ച് ബില്ലിലുള്ള വിവാദ വ്യവസ്ഥ മാറ്റുമെന്ന സൂചനയും വിദ്യാഭ്യാസ മന്ത്രി നല്‍കിയിട്ടില്ല.
നിയമത്തിനും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുമെതിരെ യോഗത്തില്‍ വിമര്‍ശനങ്ങളുണ്ടായി. വേണ്ടവിധം ചര്‍ച്ചചെയ്യാതെ തിടുക്കത്തിലുള്ള തീരുമാനങ്ങളാണ് മന്ത്രികൈക്കൊണ്ടതെന്ന് വെളിയം ഭാര്‍ഗവന്‍ ആരോപിച്ചു.
പനി പിടിപെട്ടതുകാരണം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കണ്‍വീനര്‍ വൈക്കം വിശ്വന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ടി.ജെ ചന്ദ്രചൂഢന്‍, സി.കെ നാണു, എ.കെ ശശീന്ദ്രന്‍, എന്‍.വി പ്രദീപ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications