കോടിയേരി അവകാശ ലംഘനം നടത്തി: ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം നിയമസഭയുടെ അവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഇത്തരം സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നിയമസഭയിലാണ് നടത്തേണ്ടത്. പൊതുവേദിയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ആശാസ്യമല്ല- ചെന്നിത്തല കുറ്റപ്പെടുത്തി.
ഗുണ്ടകളെ നിയന്ത്രിക്കാനുള്ള നിയമം നേരത്തെ ഓര്‍ഡിനന്‍സായി ഉണ്ടായിരുന്നു. അത് സര്‍ക്കാര്‍ കാലഹരണപ്പെടുത്തുകയാണുണ്ടായത്.
ഇതുമൂലം സംസ്ഥാനത്ത് ഗുണ്ടാ പ്രവര്‍ത്തനവും മോഷണം തുടങ്ങിയ അക്രമങ്ങളും വര്‍ധിക്കുകയും ചെയ്തു. ഈ അവസ്ഥ തടയുന്നതിനായി ഭേദഗതി വരുത്തി നിയമം നിര്‍മ്മിക്കാമായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
നയ്യാര്‍ ഡാമില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീരുമാനമാണോ എന്ന് വ്യക്തമല്ല.
ഇക്കാര്യം ഇടതുമുന്നണിയിലും ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് അറിവ്. പ്രതിപക്ഷവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.
തമിഴ്നാടിന് വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് സംസ്ഥാനത്തിന്റെ താല്പര്യങ്ങല്‍ സംരക്ഷിച്ചുകൊണ്ടായിരിക്കണം- ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications