അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ 900 കോടി രൂപയിലേറെ
മുംബൈ: ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കൂടിവരുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 2005 ഡിസംബര്‍ അവസാനം രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ 900 കോടി രൂപയിലേറെ വരും.
ഈ അക്കൗണ്ടുകള്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഉപയോഗിക്കാത്തവയാണ്. പൊതുവെ താമസസ്ഥലം മാറുന്നവരും വിദേശങ്ങളിലേക്ക് കുടിയേറുന്നവരുമായ അക്കൗണ്ടുടമകളുടേതാണ് ഇത്തരം നിക്ഷേപങ്ങള്‍. അക്കൗണ്ടുടമ മരിക്കുകയും അക്കൗണ്ടിന് നോമിനികളില്ലാതിരിക്കുകയും ചെയ്യുന്നതും ഇത്തരം നിക്ഷേപങ്ങള്‍ കൂടിവരാന്‍ കാണമാവുന്നു.
അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ ഏറിയ പങ്കും സ്ഥിരനിക്ഷേപങ്ങളാണ്. സ്ഥിരനിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം പുതുക്കാനോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാനോ അക്കൗണ്ടുടമകളില്‍ നിന്ന് നിര്‍ദേശം ലഭിക്കാതെ വരുന്നു. അക്കൗണ്ടുടമകള്‍ക്ക് ഡിമാന്റ് ഡ്രാഫ്റ്റായി പണം അയച്ചിട്ടും അവ ബാങ്കിലേക്ക് മടങ്ങിയ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് ഒരു സ്വകാര്യ മേഖലാ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇത്തരം നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കികൊണ്ടിരിക്കണമെന്നതും ഈ പണം ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ പറ്റില്ലെന്നതും ബാങ്കുകള്‍ക്ക് ഇത് അധികബാധ്യതയുണ്ടാക്കുന്നു.
ഇത്തരം അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ ഉപയോഗിച്ച് ഡെപ്പോസിറ്റര്‍ പ്രൊട്ടക്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നുണ്ട്. സാമ്പത്തിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും കൗണ്‍സിലിംഗിനും വേണ്ടിയായിരിക്കും ഈ ഫണ്ട് ഉപയോഗിക്കുന്നത്. ഇതിനായി ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.












Click it and Unblock the Notifications