പൂമൂടല്‍: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച
കോഴിക്കോട്: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ പൂജ നടത്തിയതിനെ കുറിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും നിലപാട് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കോടിയേരി അറിയാതെ അദ്ദേഹത്തിന്റെ പേര് ക്ഷേത്രത്തിലെ ലിസ്റില്‍ വരില്ല. അറിയാതെയാണ് വന്നതെങ്കില്‍ അതേ കുറിച്ച് അന്വേഷണം നടത്തണം.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് അയിഷാ പോറ്റിയെയും എം.എ.മോനായിയെയും ശാസിച്ച പാര്‍ട്ടിയാണ് സിപിഎം. ശബരിമലയില്‍ പോയതിന് പയ്യന്നൂരില്‍ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. പാര്‍ട്ടിയെ ഭയന്ന് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും പോവാനാവാതെ ഭയന്നു കഴിയുന്ന അണികളെ വഞ്ചിക്കുകയാണ് സിപിഎം ചെയ്യുന്നത്.
ഈശ്വരവിശ്വാസം അന്ധവിശ്വാസമല്ലെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം തുറന്നുപ്രഖ്യാപിക്കാന്‍ സിപിഎം തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയിയോടൊപ്പം പൂമൂടല്‍ നടത്തിയെന്ന വാര്‍ത്ത ഏറെ വിവാദമായ സാഹചര്യത്തിലാണ് യുവമോര്‍ച്ച പ്രസിഡന്റിന്റെ ഈ പ്രസ്താവന.












Click it and Unblock the Notifications