ചുംബനവിവാദം: ഗെരെ മാപ്പു പറഞ്ഞു
ദില്ലി:ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ മുംബൈയില്‍ പൊതുവേദിയില്‍വച്ചു ചുംബിച്ചതിന് ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെ മാപ്പു പറഞ്ഞു.
എച്ച്.ഐ.വി/ എയിഡ്സ് ബോധവത്കരണമായിരുന്നു എന്‍റെ ലക്‌ഷ്യം ആരെയും വേദനിപ്പിക്കുക എന്‍റെ ഉദ്ദേശമായിരുന്നില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായും ക്ഷമ ചോദിക്കുന്നു-ഗെരെ വ്യക്തമാക്കി.
പൊതുവേദിയില്‍ ശില്‍പയെ ചുംബിച്ചതിന് ഗെരെയ്ക്കെതിരേ ജയ്പൂരിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ഗെരെ നിലപാട് വ്യക്തമാക്കിയത്. ഒരു പൊതു താല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതി കേസെടുത്തത്.
താന്‍ ശില്‍പയെ ചുംബിച്ചത് വന്‍ മാധ്യമ ശ്രദ്ധ നേടിയതിലും ചുംബനം ഇത്ര വലിയ വിവാദമായതിലും ഗെരെ അത്ഭുതം പ്രകടിപ്പിച്ചു. തന്‍റെതല്ലാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്ന ശില്‍പ്പയോടും ഗെരെ ഖേദം പ്രകടിപ്പിച്ചു.
“സുരക്ഷിതമായ ലൈംഗിക ബന്ധം സംബന്ധിച്ച് ട്രക്ക് ഡ്രൈവര്‍മാരെ ബോധവത്കരിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ലോകത്തിനാകെ ഭീഷണിയായ എയിഡ്സിനെ തടയുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് ദശലക്ഷം ഇന്ത്യാക്കാര്‍ എച്ച്ഐവി ബാധിതരാണ്‘-- ഗെരെ ഓര്‍മ്മപ്പെടുത്തി.
രണ്ടാഴ്ച മുന്‍പാണ് ട്രക്ക് ഡ്രൈവര്‍മാരെ സുരക്ഷിത ലൈംഗിക ബന്ധത്തിനെ കുറിച്ച് ബോധവത്കരിക്കുന്നതിന് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വച്ച് ശില്‍പയെ ഗെരെ 12 തവണയാണ് ചുംബിച്ചത്. ചുംബനത്തിനിടെ ശില്‍പയുടെ കാലിടറിയെങ്കിലും ഗെരെ വിടാതെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് രാജ്യത്തിന്‍റെ പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.ശില്‍പയുടെയും ഗെരെയുടെയും കോലം കത്തിക്കലും നടന്നു. തന്‍റെ പ്രസ്താവനയോടെ വിവാദത്തിന് അവസാനമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.












Click it and Unblock the Notifications