സഭയുടേത് അപകടകരമായ രാഷ്ട്രീയക്കളി
തിരുവനന്തപുരം : മത്തായി ചാക്കോയുടെ അന്ത്യകൂദാശാ വിവാദം കൊടുമ്പിരിക്കൊളളവെ ക്രൈസ്തവ സഭയുടെ രാഷ്ട്രീയനിറം പതിയെ വെളിപ്പെടുന്നു.
ഇടതുപക്ഷ സര്‍ക്കാരിനെതിരെയുളള അങ്കത്തിന് കോണ്‍ഗ്രസ് മുന്നണിയ്ക്കാവശ്യമായ ആയുധശേഖരം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സഭാ നേതൃത്വത്തില്‍ ഒരുവിഭാഗം പെരുമാറുന്നതെന്ന സിപിഎമ്മിന്റെ ആരോപണം ശരിവെയ്ക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. ഒരു രാഷ്ട്രീയനേതാവിന്റെ പരാമര്‍ശത്തിനു നേരെ സ്ക്കൂളുകള്‍ അടച്ചിട്ടുളള പ്രതിഷേധവും മറ്റും ലക്ഷ്യം വെയ്ക്കുന്നത് സാമൂഹിക അരാജകത്വവും വര്‍ഗീയ ധ്രുവീകരണവുമാണെന്നത് പകല്‍പോലെ വ്യക്തവുമാണ്.
ക്രൈസ്തവര്‍ സിപിഎമ്മില്‍ തുടരാതെ പുറത്തുവരാന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരാകുന്നത് ആപത്താണെന്നും കമ്മ്യൂണിസത്തില്‍ നിന്നും വിശ്വാസികളെ രക്ഷപെടുത്താന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നുമൊക്കെയാണ് പല വൈദികരും വിശദീകരിക്കുന്നത്.
വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഏല്‍പ്പിച്ചു കൊടുക്കുന്ന പണിയാണോ ക്രൈസ്തവ സഭകള്‍ ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. മതവും രാഷ്ട്രീയവും പരസ്പരം പാലിക്കേണ്ട അതിര്‍വരമ്പുകളെക്കുറിച്ച് കാലങ്ങളായി പലരും ഓര്‍മ്മിപ്പിക്കുന്നതും ഈ വിവാദത്തില്‍ ക്രൈസ്തവ സഭകള്‍ മറക്കുന്നു.
സിപിഎമ്മിനെ, പ്രത്യേകിച്ച് പിണറായി വിജയനെ അടിക്കാന്‍ കിട്ടിയ ഏറ്റവും നല്ല വടിയായി ഈ പ്രശ്നത്തെ മനോരമയും മാതൃഭൂമിയുമടക്കമുളള പത്രങ്ങള്‍ ഉപയോഗിക്കുമ്പോഴും പ്രശ്നത്തിലെ ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ മൂടിവെയ്ക്കാന്‍ അവര്‍ വല്ലാതെ പണിപ്പെടുന്നുണ്ട്. സര്‍ക്കാരിനെതിരെയുളള പ്രതിപക്ഷ സമരം ഏശുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ഉമ്മന്‍ചാണ്ടിയെയും സംഘത്തെയും സഹായിക്കാന്‍ ഒരു വിഭാഗം സഭാമേധാവികള്‍ തെരുവിലിറങ്ങുന്നത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും മുഖ്യധാരാമാധ്യമങ്ങള്‍ മൗനം പാലിക്കുന്നു.
ദീപികയിലെ വിവാദം നടക്കുന്ന സമയത്ത് കാഞ്ഞിരപ്പളളി ബിഷപ്പ് മാത്യു അറയ്ക്കല്‍ നാണംകെട്ട മനുഷ്യനാണെന്നും കത്തോലിക്കനാകാന്‍ യോഗ്യതയില്ലാത്തയാളാണെന്നും തുറന്നടിച്ചത് പി സി ജോര്‍ജ് എംഎല്‍എയാണ്. ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളിലും ജോര്‍ജ് ഈ ആരോപണം ആവര്‍ത്തിച്ചുന്നയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു പ്രതിഷേധവുമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാവിന്റെ മതമോ സമുദായമോ നോക്കിയാണോ സഭ പ്രതികരിക്കുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
ഈ വിവാദത്തോടുളള മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ അഭിപ്രായം മുഖ്യമാധ്യമങ്ങള്‍ മുക്കിയതും ബോധപൂര്‍വമാണെന്ന് സംശയിക്കണം. അബോധാവസ്ഥയില്‍ കിടക്കുന്നയാളിന് അന്ത്യകൂദാശ നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയ സംഘടനകള്‍ ഇടപെടരുതെന്നും രാഷ്ട്രീയവിവാദങ്ങള്‍ക്ക് പളളി കേന്ദ്രമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിസാര സംഭവങ്ങള്‍ വന്‍വിവാദമായി മാറുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
മരണസമയത്ത് മത്തായി ചാക്കോയ്ക്ക് തൈലാഭിഷേകം നല്‍കിയ കാര്യം പുറത്തു പറഞ്ഞ മാര്‍ ചിറ്റിലപ്പളളിയുടെ നടപടിയെ യാക്കോബായ സഭയും വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം മതാചാര കര്‍മ്മങ്ങള്‍ പൊതുയോഗത്തില്‍ വെളിപ്പെടുത്തുന്നത് മര്യാദയല്ല. വിവാദത്തിന് തുടക്കമിട്ടത് ബിഷപ്പിന്റെ പ്രസ്താവനയാണെന്നും എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി ഇതില്‍ ചൊടിക്കേണ്ട കാര്യമില്ലെന്നും സഭയുടെ വക്താവ് ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു.
രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതും ശരിയല്ലെന്നും പിണറായി വിജയനും പോള്‍ ചിറ്റിലപ്പളളിയും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ സഭയുടെ നിലപാടിനെ വിശ്വാസികളില്‍ ഒരുവിഭാഗം തന്നെ എതിര്‍ക്കുന്നുണ്ടെന്ന് ഈ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണുന്നവരുടെ നിലപാടുകള്‍ക്ക് മത്തങ്ങാ തലക്കെട്ട് കൊടുക്കാത്ത പത്രങ്ങളും വിഷയം കത്തിക്കാളണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തം.
വിശ്വാസികളും അവിശ്വാസികളും തമ്മിലുളള വിശുദ്ധയുദ്ധമാണ് കേരളത്തില്‍ നടക്കുന്നതെന്ന് നാടാകെ പ്രസംഗിക്കുകയാണ് ഒരുവിഭാഗം വൈദികര്‍. ഇവരുടെ അപക്വവും വിഷലിപ്തവുമായ പ്രചരണം മാധ്യമങ്ങളടക്കം ഏറ്റുപിടിക്കുന്ന സാഹചര്യം കേരളത്തിന് ശുഭകരമല്ല. ഭീതിയുടെ കാര്‍മേഘങ്ങള്‍ സംസ്ഥാനത്തിനു മീതെ ഉരുണ്ടു കൂടുന്നുവെന്ന സത്യം മറച്ചുവെച്ചിട്ട് കാര്യമില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications