വീണ്ടും പൊലീസിന്റെ മൂന്നാം മുറ, യുവാവ് ചികിത്സയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊലീസിന്റെ മൂന്നാം മുറ. അന്യായമായി തടങ്കലില്‍ വെച്ച് എസ്.ഐ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവ് കോടതിയില്‍ പരാതി നല്‍കി.
വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ ചന്ദ്രികാവിലാസത്തില്‍ സുജിത്(29)ആണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് പരാതി നല്‍കിയത്. യുവാവിന്റെ മൊഴി രേഖപ്പെടുത്താനായി കേസ് 24ലേയ്‌ക്ക് മാറ്റി. നവംബര്‍ 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ആയുര്‍വേദ കോളെജിന് സമീപമുള്ള ഹില്‍ടോപ്പ് റസ്റ്റോറന്റിലെ കാഷ്യറും ഇന്‍ചാര്‍ജുമാണ് സുജിത്, വൈകിട്ട് അഞ്ചുമണിയ്‌ക്ക് ഒട്ടേറെ കേസുകളില്‍ പ്രതിയായ കുന്നുംപുറം ഉണ്ണിയെന്നയാള്‍ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയപ്പോള്‍ കടയുടമ ഇല്ലാത്തതിനാല്‍ പണം നല്‍കില്ലെന്ന് സുജിത് പറഞ്ഞു.
തുടര്‍ന്ന് അയാള്‍ റസ്‌റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ചു. ഈ സമയത്ത് എത്തിയ വഞ്ചിയൂര്‍ എസ്.ഐ ജോണ്‍സണിനെയും സംഘത്തെയും കണ്ട് ഉണ്ണി ഇറങ്ങിയോടി. എസ്‌ഐ സുജിത്തിനെ അസഭ്യം പറഞ്ഞശേഷം അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന ജീവനക്കാരനെ തല്ലി. തടസ്സം പിടിക്കാന്‍ ചെന്ന സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് തിരിച്ചുപോയി. പിന്നീട് മടങ്ങിവന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
പൊലീസ് ലോക്കപ്പില്‍ സുജിത്തിനെ ബെഞ്ചില്‍ മലര്‍ത്തിക്കിടത്തി കൈകാലുകള്‍ ഇരുവശത്തേയ്‌ക്കും കെട്ടിവച്ച് റൂള്‍ത്തടികൊണ്ട് ഉരുട്ടി. വെള്ളം ചോദിച്ചപ്പോള്‍ ബലമായി മൂത്രം കുടിപ്പിച്ചു. പിന്നീട് പെറ്റിക്കേസ് ചാര്‍ജ് ചെയ്‌ത് ഹോട്ടലുടമയോടൊപ്പം അര്‍ധരാത്രിയില്‍ വിട്ടയച്ചു.
അവശനായ സുജിത്തിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഒരു പൊലീസുകാരനെത്തി എസ്‌ഐയ്‌ക്കെതിരെ പരാതിപ്പെട്ടാല്‍ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്‌ുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നു ദിവസം കഴിഞ്ഞ് മറ്റൊരു പൊലീസുകാരനെത്തി പരാതി നല്‍കരുതെന്നും എസ്‌ഐയ്‌ക്ക് അബദ്ധം പറ്റിയതാണ് ചികിത്സയ്‌ക്ക് കാശുനല്‍കാമെന്നും പറഞ്ഞു.
സമ്മര്‍ദ്ദം ചെലുത്തി ജനറല്‍ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്യിക്കാന്‍ ശ്രിമിക്കുകയും ചെയ്‌തിരുന്നുവത്രേ. ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളെജിലും ചികിത്സിച്ചിട്ടും രക്തസ്രാവം മാറാഞ്ഞ് സുജിത്തിനെ ആയുര്‍വേദ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications