ഗുജറാത്ത് കലാപം: മോഡിയ്‌ക്ക് വീണ്ടും തലവേദന
ദില്ലി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അഞ്ചംഗ പ്രത്യേക സംഘത്തെ 10 ദിവസത്തിനകം രൂപവത്‌ക്കരിയ്‌ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‌കി.
കലാപവുമായി ബന്ധപ്പെട്ട 14 കേസുകളുടെയും അന്വേഷണ റിപ്പോര്‍ട്ട് 3 മാസത്തിനകം സമര്‍പ്പിയ്‌ക്കാനും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. തീവ്രവാദത്തെ പോലെ തന്നെ അപകടകരമാണ് വര്‍ഗീയ കലാപങ്ങള്‍, ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ജസ്റ്റിസ് അരിജിത് പാസായത്തിന്റെ ഉത്തരവില്‍ പറയുന്നു.
ആഗസ്റ്റില്‍ കേസ് വീണ്ടും പരിഗണിയ്‌ക്കും. അന്വേഷണം സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും കോടതി നല്‌കിയിട്ടില്ല. ഗോന്ധ്ര തീവണ്ടി തീവെയ്‌പ്പിനു പിന്നാലെ ഗുജറാത്തിലുണ്ടായ കലാപക്കേസുകള്‍ വീണ്ടുമന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ നല്‌കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
വംശഹത്യയടക്കം ആരോപിയ്‌ക്കപ്പെട്ട കലാപക്കേസുകളില്‍ ഒട്ടേറെ സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സത്യസന്ധതയ്‌ക്കു പേരു കേട്ട ഉദ്യോഗസ്ഥരെയാണ് സുപ്രീം കോടതി കലാപക്കേസുകള്‍ അന്വേഷിയ്‌ക്കാന്‍ ഗുജറാത്തിലേക്ക് അയക്കുന്നത്.
സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍ അധ്യക്ഷനായുള്ളതായിരിക്കും അന്വേഷണ സംഘം. അന്വേഷണ സംഘത്തിലെ മറ്റ് മൂന്നു പേരെയും കോടതി നിശ്ചയിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നും പുറത്തുള്ള ഉദ്യോഗസ്ഥര്‍ കേസന്വേഷിയ്‌ക്കുന്നത് ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ എതിര്‍ക്കുകയും ചെയ്‌തിരുന്നു.
ഇതോടെ ആയിരങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത കലാപം ഒരിക്കല്‍ കൂടി മോഡിയ്‌ക്കു തലവേദനയാകുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തോടെ പ്രതിച്ഛായ മോഡി മെച്ചപ്പെടുത്തിയെങ്കിലും പുതിയ അന്വേഷണ ഉത്തരവ് അടുത്തു വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിയ്‌ക്കുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.












Click it and Unblock the Notifications