ബേബിയ്ക്ക് എല്ലാമറിയാമെന്ന ഭാവം: മാണി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ തനിക്കെല്ലാമറിയാമെന്ന ഭാവവും ധാര്‍ഷ്ട്യവുമാണ് എം. എ ബേബിക്കുള്ളതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാവ് കെ. എം. മാണി .
വിദ്യാഭ്യാസ മേഖലയില്‍ തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത് ഇതു കൊണ്ടാണെന്നും മാണി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് നടപ്പിലാക്കുന്ന ഏകജാലക സംവിധാനത്തിനെതിരെ കേരള കോണ്‍ഗ്രസ്സി (എം)ന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മാണി
സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ഏകജാലക സംവിധാനം പ്രാകൃതമാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് അവരുടെ സമീപത്തുള്ള സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം കിട്ടാതാകും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ധാരാളം ഉണ്ടെന്നിരിക്കെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പോലെ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ല.
പ്ലസ് ടു പ്രവേശന രംഗത്ത് നിന്ന് മാനേജുമെന്റിനെ മാറ്റി നിര്‍ത്തുകയാണ് ഏകജാലക സംവിധാനം വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എലിയെ പിടിക്കുന്നതിന് ഇല്ലം തന്നെ ചുടുന്നതുപോലെയാണിത്. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്‌കരിക്കാനുള്ള കുത്സിത ശ്രമമാണ് ഇതിന് പിന്നില്‍- അദ്ദേഹം ആരോപിച്ചു.
പ്രാദേശിക മെരിറ്റിന് പകരം ജില്ലാ മെരിറ്റുകള്‍ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നത് വീഴ്‌ചകള്‍ക്ക് വഴിവെയ്‌ക്കുമെന്നും മാണി പറഞ്ഞു. വിദ്യാഭ്യാസത്തെ പരീക്ഷണശാലയാക്കരുതെന്നും ഏകജാലക സംവിധാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications