ടൈറ്റാനിക്കിന്റെ മറവില്‍ രഹസ്യാന്വേഷണം
ലണ്ടന്‍: 1500 യാത്രക്കാരുമായി അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ മുങ്ങിപ്പോയ ടൈറ്റാനിക്കിനെ കണ്ടെത്താന്‍ ശ്രമിച്ച പര്യവേഷണം യഥാര്‍ഥത്തില്‍ മറ്റൊരു രഹസ്യാന്വേഷണത്തിനുള്ള മറവായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ശീതയുദ്ധ കാലത്ത് കാണാതായ അമേരിക്കയുടെ രണ്ട് ആണവ അന്തര്‍വാഹിനികള്‍ കണ്ടെത്തുകയായിരുന്നുവത്രേ യഥാര്‍ഥത്തില്‍ ടൈറ്റാനിക്ക് പര്യവേഷണത്തിന്റെ മറവില്‍ നടന്നത്. ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിലൂടെ ലോക പ്രശസ്തനായ സമുദ്ര പര്യവേഷകന്‍ ഡോ. ബോബ് ബല്ലാര്‍ഡ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
1960കളില്‍ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിയ്‌ക്കെ സമുദ്രത്തിലാണ്ടു പോയ രണ്ട് അന്തര്‍വാഹിനികളെ കണ്ടെത്താന്‍ തനിയ്‌ക്കു മേല്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടയിരുന്നുവെന്ന് ബോബ് വെളിപ്പെടുത്തുന്നു. വളരെയധികം രഹസ്യ സ്വഭാവമുള്ള അന്വേഷണമായിരുന്നു അത്. ടൈറ്റാനിക് പര്യവേഷണത്തിന് അനുവാദം ലഭിയ്‌ക്കുന്നതിന് പകരമായി
അന്തര്‍വാഹിനികളെ കണ്ടെത്തണെന്നായിരുന്നു യുഎസ് നേവി ആവശ്യപ്പെട്ടത്-ബോബ് പറഞ്ഞു.
അന്തര്‍വാഹിനികള്‍ താന്‍ കണ്ടെത്തുകയും വിവരം യുഎസ് നേവി അധികൃതര്‍ക്കു കൈമാറുകയും ചെയ്‌തു. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് തനിയ്‌ക്ക് യാതൊരു വിവരവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ്‌എസ്-ത്രെഷര്‍, യുഎസ്‌എസ്-സ്‌കോര്‍പിയോണ്‍ എന്നീ രണ്ടു ആണവ അന്തര്‍വാഹിനികളാണ് യുഎസ് നേവിയ്‌ക്ക് 60കളില്‍ നഷ്ടപ്പെട്ടിരുന്നത്. 200 ഓളം നാവികര്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അന്തര്‍വാഹിനികളില്‍ ഒന്നെങ്കിലും സോവിയറ്റ് യൂണിയന്‍ തകര്‍ത്തുവെന്നായിരുന്നു യുഎസ് നേവിയുടെ ഭയം. 1982ലാണ് ബോബ് ടൈറ്റാനിക്ക് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ യുഎസ് നേവി അധികൃതരെ സമീപിയ്‌ക്കുന്നത്.
എന്നാല്‍ 1912ല്‍ മുങ്ങിയ ആഡംബര കപ്പല്‍ കണ്ടെത്തുന്നതിനുപരി 1960ല്‍ മുങ്ങിയ അന്തര്‍വാഹിനികള്‍ കണ്ടെടുക്കാനായിരുന്നു യുഎസ് നേവിയ്‌ക്ക് താത്‌പര്യം. സമുദ്രത്തില്‍ ആഴ്‌ന്നു പോയതിനു ശേഷം അന്തര്‍വാഹിനികളിലെ ആണവ റിയാക്ടറുകള്‍ക്ക് എന്തു സംഭവിച്ചുവെന്നായിരുന്നു അധികൃതര്‍ക്ക് അറിയേണ്ടത്.
തുടര്‍ന്ന് ബോബ് തന്നെ അന്തര്‍വാഹിനികള്‍ കണ്ടെത്തുകയും വിവരങ്ങള്‍ നേവിയ്‌ക്ക് കൈമാറുകയും ചെയ്‌തു. ഈ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം 1985ലാണ് ബോബ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സമുദ്രാന്തര്‍ ഭാഗത്തു നിന്നും കണ്ടെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications